ഉരുള്‍പൊട്ടലില്‍ നാശനഷ്ടം,അധികൃതര്‍ അവഗണിക്കുന്നു; ആത്മഹത്യാഭീഷണിയുമായി ഗൃഹനാഥന്‍

കീരിത്തോട്: അധികൃതര്‍ അവഗണിക്കുന്നു എന്നാരോപിച്ച് ഇടുക്കി കീരിത്തോടിന് സമീപം ഗൃഹനാഥന്റെ ആത്മഹത്യാഭീഷണി. അഞ്ചല്‍കുന്നില്‍ വീട്ടിലെ വേലായുധനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വേലായുധന്റെ വീടിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. തന്നെ സഹായിക്കാനോ സ്ഥലം സന്ദര്‍ശിക്കാനോ അധികൃതര്‍ തയ്യാറായില്ലെന്നാരോപിച്ചാണ് ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

ദുരന്തക്കെടുതി അനുഭവിക്കേണ്ടി വന്നിട്ടും അധികൃതര്‍ തന്നെ അവഗണിക്കുകയാണെന്നാരോപിച്ചാണ് വേലായുധന്‍ വീടിന്റെ മുന്നിലിരുന്ന് ആത്മഹത്യാഭീഷണി മുഴക്കിയത്. ഇയാളുടെ വീടിന് സമീപത്തുകൂടിയാണ് ദുരിതാശ്വാസക്യാമ്പിലേക്ക് പോകുന്നത്. ആ വഴിയേ പോയ ജനപ്രതിനിധികളോടും ഇയാള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

Top