മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയ്ക്കിടെ റായ്ഗഡ്, സത്താറ ഉള്‍പ്പെടെയുള്ള ജില്ലകളിലുണ്ടായ മണ്ണിടിച്ചിലില്‍ 76 പേര്‍ മരിച്ചു. റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലിലാണ് 38 പേര്‍ മരിച്ചത്. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ നൂറിനു മുകളില്‍ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
3 മൃതശരീരങ്ങള്‍ കണ്ടെത്തിയെന്നും 52 പേരെ കാണാനില്ലെന്നും മഹാരാഷ്ട്ര മന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. 32 വീടുകളാണ് പൂര്‍ണമായി തകര്‍ന്നതെന്ന് തലിയെ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മന്ത്രി പറഞ്ഞു. പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ 27 പേര്‍ മരിച്ചു. കിഴക്കന്‍ ജില്ലകളായ ഗോണ്ടിയ, ചന്ദ്രപുര്‍ എന്നിവിടങ്ങളിലും നിരവധി പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരെ സൗജന്യമായി ചികിത്സിക്കും. ഗോവണ്ടിയില്‍ കെട്ടിടം തകര്‍ന്നു 4 പേര്‍ മരിച്ചിരുന്നു. കൊങ്കണിലെ റായ്ഗഡ്, രത്‌നഗിരി, പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ, കോലാപുര്‍ ജില്ലകളില്‍ 2 ദിവസം തുടര്‍ച്ചയായി പെയ്ത അതിതീവ്രമഴയാണ് ദുരന്തകാരണം. വെള്ളപ്പൊക്കത്തില്‍ ഒട്ടേറെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.