മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍; ഇതുവഴിയുള്ള ഗതാഗതം വേണ്ടെന്ന് അധികൃതര്‍

മൂന്നാര്‍: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. രാവിലെയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാവിലെ ഏഴു മണിയോടെയാണ് കൊച്ചി-ധനുഷ്‌കോടി ദേശിയ പാതയിലെ ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചലുണ്ടായത്. സമീപത്തെ മലയിടിഞ്ഞ് പാറക്കല്ലടക്കം റോഡില്‍ പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവിടെ റോഡിന്റ വീതി കൂട്ടിയിരുന്നു. ഇതിന്റ ഭാഗമായി പാറപൊട്ടിക്കുകയും മണ്ണ് നീക്കം ചെയ്തു. ഇതേ തുടര്‍ന്നാണ് ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷവും മണ്ണിടിച്ചല്‍ ഉണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇപ്പോള്‍ റോഡിന്റ വീതി കൂട്ടല്‍ പണികള്‍ കഴിഞ്ഞെങ്കിലും മഴക്കാലത്ത് മണ്ണിടിച്ചില്‍ തുടരുകയാണ്.

Top