കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍; നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി; നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

കണ്ണൂർ: കണ്ണൂർ കണ്ണവം വനത്തിനുള്ളിൽ ഉരുൾപൊട്ടി. നെടുംപൊയിൽ ടൗണിൽ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കൽ പുഴയും കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.

മലവെള്ളപ്പാച്ചിലിനെ തുടർന്ന് വനാതിർത്തിയോട് ചേർന്നുള്ള ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മലവെള്ളം കുത്തിയൊലിച്ച് ഒഴുകിയെത്തിയതിനെ തുടർന്ന് നെടുംപൊയിൽ ടൗണിൽ ഗതാഗതം തടസ്സപ്പെട്ടു. കൂത്തുപറമ്പ്- വയനാട് റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടത്.

ഇന്ന് കണ്ണൂരിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കണ്ണൂരിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Top