ലംഖിപൂര്‍ ഖേരി ആക്രമണം; കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് സമന്‍സ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലംഖിപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിന് നേരെ വാഹനം ഇടിച്ച് കയറ്റി രണ്ട് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രണ്ട് പേരാണ് അറസ്റ്റിലായത്.

ആശിഷിന് സമന്‍സ് അയക്കും. കൊലക്കുറ്റത്തിന് ലവ്കുഷ് റാണ, ആശിഷ് പാണ്ഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് യു.പി പൊലീസ് സമന്‍സ് അയച്ചു. ലംഖിപൂര്‍ ഖേരി കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് വേഗത്തില്‍ നടപടികള്‍ ആരംഭിച്ചതെന്നും ശ്രദ്ധേയമാണ്.

ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ ആശിഷ് മിശ്രയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഇവരില്‍ നിന്ന് കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഐ.ജി ലക്ഷമി സിങ് പ്രതികരിച്ചു.

 

Top