ആ ‘അടുപ്പം’ അവസാനിച്ചത് അരും കൊലയില്‍…

ആലപ്പുഴ: മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യയെ(32) തീവച്ചു കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകം നടത്തിയ ആലുവ ട്രാഫിക് പൊലീസിലെ അജാസും സൗമ്യയും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നാണ് വിവരം.

കൊച്ചിയില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ആ ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഇതാണ് സൗമ്യയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.


സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന വഴി കാറിടിച്ചു വീഴ്ത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ വടിവാള്‍ കൊണ്ട് വെട്ടി താഴെയിട്ടു. ഓടുന്ന സൗമ്യയെ അജാസ് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ വെട്ടേറ്റ് വീണ സൗമ്യയുടെ ദേഹത്തൊഴിച്ച് കത്തിച്ചു. മാവേലിക്കരയിലെ സ്വന്തം വീടിന് സമീപത്ത് വച്ചാണ് സൗമ്യയെ അജാസ് അതിക്രൂരമായി കൊലപ്പെടുത്തിയത്.


ബഹളം കേട്ട് നാട്ടുകാര്‍ എത്തും മുമ്പെ പ്രതി തീകൊളുത്തിയിരുന്നു. ആളിപ്പടര്‍ന്ന തീയില്‍ അജാസിന്റെ ദേഹത്തും സാരമായി പൊള്ളലേറ്റു. കൊല്ലാന്‍ തന്നെയാണ് പ്രതി എത്തിയതെന്ന് പൊലീസ് പറയുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. സൗമ്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. വള്ളികുന്നം സ്റ്റേഷനിലെ സി.പി.ഒ ആയിട്ടാണ് സൗമ്യ ജോലി നോക്കിയിരുന്നത്.

Top