വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം:പ്രതി പൊലീസുകാരന്‍

മാവേലിക്കര: മാവേലിക്കരയില്‍ പൊലീസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്. മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തെക്കേമുറി ഊപ്പന്‍ വിളയില്‍ സജീവിന്റെ ഭാര്യ സൗമ്യ (32) ആണ് കൊല്ലപ്പെട്ടത്.

ആലപ്പുഴ വള്ളികുന്നം വട്ടയ്ക്കാട് സ്‌കൂളില്‍ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് ക്യാംപില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് സൗമ്യയെ കൊലപ്പെടുത്തിയത്. ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കഴുത്തിനു വെട്ടി താഴെയിട്ടു. ശേഷം പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. ആക്രമണത്തിനിടയില്‍ പ്രതിക്കും പൊള്ളലേറ്റു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

സൗമ്യയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. കാറിനുള്ളില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ചാണ് സൗമ്യയെ തീ കൊളുത്തിയത്. സൗമ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണു പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്കു സമീപത്തുള്ള ആളൊഴിഞ്ഞ കവലയില്‍ വച്ചായിരുന്നു സംഭവം.

അതേസമയം പ്രതിക്കു പൊള്ളലേറ്റതിനാല്‍ പൊലീസിനു ചോദ്യം ചെയ്യാനായിട്ടില്ല. സൗമ്യയുടെ ദേഹത്തേക്കു പെട്രോളൊഴിച്ചു തീകത്തിക്കുന്നതിനിടെയായിരുന്നു ഇയാള്‍ക്കും പൊള്ളലേറ്റത്. ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണു നാട്ടുകാര്‍ പിടികൂടിയത്. സൗമ്യയെ വെട്ടുന്നതിനിടയിലും ഇയാള്‍ക്കു പരുക്കേറ്റു.

Top