രാജ്യത്ത് കൊവിഡ് ആശങ്ക; രോഗ ബാധയില്‍ വന്‍ വര്‍ധവ്, ഒമിക്രോണ്‍ 3007

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്ക വര്‍ധിപ്പിച്ച് രോഗ ബാധയില്‍ വന്‍ ഉയര്‍ച്ച. കഴിഞ്ഞ ദിവസം മാത്രം ഒരു ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.  രാജ്യത്ത് 1,17,100 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ജൂണ്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് ഒരു ലക്ഷം പിന്നിടുന്നത്.

ഇതോടെ രാജ്യത്തെ കൊവിഡ് കേസുകള്‍ മൂന്ന് ലക്ഷം പിന്നിട്ടു. 3,71,363 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ മണിക്കൂറുകളില്‍ 302 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 4,83,178 എന്ന നിലയിലെത്തി.

രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ ഇതിനിടെ മൂവായിരം പിന്നിട്ടു. 3007 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 1199 പേര്‍ രോഗ മുക്തി നേടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ആണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 876 കേസുകളാണ് സംസ്ഥാനത്തുള്ളത്. ഡല്‍ഹി 465, കര്‍ണാടക 333, രാജസ്ഥാന്‍ 291, കേരളം 284, ഗുജറാത്ത് 204 എന്നിങ്ങനെയാണ് ഒമിക്രോണ്‍ ബാധയുടെ സംസ്ഥാനങ്ങളിലെ കണക്കുകള്‍.

കൊവിഡ് കേസുകളുടെ വര്‍ധനയിലും മഹാരാഷ്ട്രയാണ് മുന്നില്‍. 36165 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 31.7 ശതമാനം വര്‍ധനയാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്.

Top