ശ്രീനഗര്‍: കശ്മീരില്‍ ബിഎസ്എഫ് ജവാനെ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകര സംഘടനയെന്നു സൂചന.
പ്രാഥമിക അന്വേഷണങ്ങള്‍ ഈ സൂചനയാണു നല്‍കുന്നതെന്നാണു പോലീസ് അറിയിച്ചു. നാലു ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നും അടുത്തിടെ പ്രദേശം സന്ദര്‍ശിച്ച പാക്കിസ്ഥാന്‍ സ്വദേശി ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്നും വടക്കന്‍ കശ്മീര്‍ ഐജിപി നിതീഷ് കുമാര്‍ പറഞ്ഞു.
പാരീ മൊഹല്ല സ്വദേശി റമീസ് അഹമ്മദ് പാരി(28) ആണു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. റമീസിനെ കുത്തി വീഴ്ത്തിയശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചുകൊല്ലുകയായിരുന്നു.
റമീസും രണ്ടു സഹോദരങ്ങളും പിതാവും അടുത്തുള്ള അമ്മായി ഹുബ ബീഗത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. രണ്ട് തീവ്രവാദികള്‍ വീട്ടില്‍ കടന്ന് ജവാനോടു തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. എന്നാല്‍ റമീസ് വഴങ്ങാതെ ഭീകരരോടു പോരാടി ഒരാളെ മുറിവേല്‍പ്പിച്ചു തുരത്തി.
ഇതിനിടെ അമ്മായിക്കു പരിക്കേറ്റു. അമ്മായിയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി വസ്ത്രം മാറുന്നതിന് റമീസ് സ്വന്തം വീട്ടിലേക്കു പോയി. അവിടെ നാലു ഭീകരര്‍ ആയുധങ്ങളുമായി കാത്തിരിപ്പുണ്ടായിരുന്നു. പോയിന്റ് ബ്ലാങ്കിലാണ് ഭീകരര്‍ നിറയൊഴിച്ചതെന്ന് റമീസിന്റെ സഹോദരങ്ങള്‍ പറഞ്ഞു.
ബാരാമുള്ളയിലെ ബിഎസ്എഫിന്റെ 73-ാം ബറ്റാലിയനിലാണ് റമീസ് പ്രവര്‍ത്തിച്ചിരുന്നത്. ഓഗസ്റ്റ് 26നാണ് അവധിക്കെത്തിയത്. വീടുപണി തീര്‍ക്കുകയായിരുന്നു മുഖ്യലക്ഷ്യം. അടുത്തയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കെ ആയിരുന്നു ആക്രമണം.