ന്യൂഡല്‍ഹി : ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ കശ്മീരിൽ എട്ട് ലഷ്കറെ ത്വയ്ബ ഭീകരര്‍ പിടിയിലായി. കശ്മീരിലെ സോപോരയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളും കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി കശ്മീർ പൊലീസ് പറഞ്ഞു.
കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡന്റ് ലഫ്. ജനറല്‍ എസ്.കെ.സൈനിയാണ് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഗുജറാത്തിലെ സര് ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും സൈനി അറിയിച്ചു. നേരത്തെ, ഭീകരന് മസൂദ് അസ്ഹറിനെ പാക്കിസ്ഥാന് ജയില്‍ മോചിതനാക്കിയെന്നെന്നും ഇന്ത്യയില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളും വന്നിരുന്നു.