ന്യൂഡൽഹി: ലഷ്കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയിദിൽ നിന്നു ഫണ്ട് സ്വീകരിച്ചെന്ന റിപ്പോർട്ടുകളെ തുടർന്ന് ഹുറിയത് നേതാക്കളെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി സംഘം ജമ്മു കാഷ്മീരിലെത്തി.
സയിദ് അലി ഷാ ഗീലാനി അടക്കം നാലുപേരെ ചോദ്യം ചെയ്യാനാണ് എൻഐഎ പദ്ധതിയിടുന്നത്. ഇതിനുമുന്നോടിയായി ഗീലാനിയടക്കമുള്ളവരെ പ്രതികളാക്കി എൻഐഎ കേസ് രജിസ്റ്റർ ചെയ്തു.
പാക് കേന്ദ്രീകൃത തീവ്രവാദ സംഘടനകളിൽ നിന്നു പണം സ്വീകരിച്ചതായി ഹുറിയത് നേതാക്കൾ തുറന്നുസമ്മതിക്കുന്നത് അടുത്തിടെ ഒരു ചാനൽ വെളിപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.
ഭീകരസംഘടനകളിൽ നിന്നു ലഭിച്ച ഈ പണം കാഷ്മീരിൽ ക്രമസമാധാനം തകർക്കുന്നവർക്കും കല്ലെറിയുന്നവർക്കും സഹായം നൽകാൻ ഉപയോഗിച്ചെന്ന് ഹുറിയത് നേതാക്കൾ സമ്മതിക്കുന്നതും ഒളികാമറ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.