ഈ നൂറ്റാണ്ടിലെ ലോക ക്രിക്കറ്റില്‍ മികച്ച ബൗളര്‍മാരില്‍ വേഗതയേറിയ ബൗളര്‍ ആരാണെന്ന് ചോദിച്ചാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു ഉത്തരമേയുള്ളു. അത് ശ്രീലങ്കന്‍ ക്രിക്കറ്റിലെ വേഗതയുടെ രാജാവായ ലസീത് മലിംഗ എന്നായിരിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആരാധകരുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് മലിംഗയുടേത്. നിര്‍ണായകമായ ഓരോ വിജയങ്ങളിലും മലിംഗയുടെ കൈയ്യൊപ്പുണ്ടായിരുന്നു.
വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെയും വേഗതയേറിയ പന്തുകളിലൂടെയും എതിര്‍ ടീമിനെ നേരിട്ട മലിംഗയുടെ പ്രകടനംകൊണ്ടു മാത്രം നിരവധി തവണ സ്വന്തം ടീമിനെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. വിചിത്രമായ ബൗളിങ് ആക്ഷന്‍ കാരണം ക്രിക്കറ്റ് ലോകത്തെ ദാക്കത്ത എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. ഇത് മലിംഗയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരവും കൂടിയായിരുന്നു.
മത്സരത്തിനിടയില്‍ ഒരിക്കല്‍ മലിംഗ പന്തു വീശുന്നത് കാണുന്നില്ല എന്നു പറഞ്ഞ് ന്യൂസീലന്‍ഡ് ബാറ്റ്സ്മാന്‍മാര്‍ അംപയറോട് പാന്റ്‌സിന്റെ നിറം വരെ മാറ്റാന്‍ പറഞ്ഞിരുന്നു. ഇത് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത്രത്തോളം വേഗതയേറിയ ബൗളറായിരുന്നു ഈ താരം. തന്റെ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഏതറ്റം വരെയും പോകാനും അദ്ദേഹത്തിനു മടിയില്ല.
ചാട്ടുളി പോലുള്ള മലിംഗയുടെ യോര്‍ക്കറുകള്‍ക്ക് മുമ്പില്‍ സച്ചിനടക്കം പല ലോകോത്തര ബാറ്റ്‌സ്മന്‍മാര്‍ക്കും കാലിടറിയിട്ടുണ്ട്. ഇതോടെ ക്രിക്കറ്റ് ലോകത്തിലെ യോര്‍ക്കറുകളുടെ രാജാവ് എന്നും മലിംഗ അറിയപ്പെടാന്‍ തുടങ്ങി. കൂട്ടത്തില്‍ ബൗളിങിലെ ഈ വേഗക്കാരന്‍ പലരുടേയും പ്രിയങ്കരനാകാനും മറ്റ് പലരുടേയും പേടിസ്വപ്നമാകാനും തുടങ്ങി.
മുത്തയ്യ മുരളീധരനും ചാമിന്ദ വാസിനും ശേഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു കൊയ്ത മൂന്നാമത്തെ ശ്രീലങ്കന്‍ ബൗളര്‍ എന്ന നേട്ടവും ശ്രീലങ്കയുടെ ഈ യോര്‍ക്കര്‍ രാജാവിന് സ്വന്തമാണ്.
350 മത്സരങ്ങളില്‍ നിന്ന് 534 വിക്കറ്റുകള്‍ സ്വന്തമാക്കിയ മുരളീധരന്‍ ഏകദിന വിക്കറ്റു വേട്ടയില്‍ ഒന്നാമനായി തന്നെ തുടരുന്നു. മലിംഗയുടെ ചാട്ടുളി ബോളുകള്‍ ശ്രീലങ്കന്‍ ടീമിനെ രണ്ടുതവണ ലോകകപ്പ് ഫൈനലില്‍ എത്തിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി കിരീടം കൈവിട്ട് പോകുകയായിരുന്നു. 2009ലും 2012ലും ടി- 20 ലോകകപ്പ് ഫൈനലിലും ശ്രീലങ്ക പരാജയപ്പെട്ടു. ഒടുവില്‍ 2011ലാണ് ശ്രീലങ്ക കിരീടത്തെ മുത്തമിട്ടത്. മലിംഗയുടെ കിരീട നേട്ടം അതില്‍ അവസാനിക്കുകയും ചെയ്തു.
ശ്രീലങ്കന്‍ ദേശീയ ടീമിനായി ഇതുവരെ 329 രാജ്യാന്തര മത്സരങ്ങളാണ് ലസിത് മലിംഗ കളിച്ചിട്ടുള്ളത്. ഈ കാലയളവില്‍ ആകെ 536 വിക്കറ്റുകള്‍ താരം സ്വന്തം പേരില്‍ കുറിച്ചു. അടുത്തയിടെ ഇംഗ്ലണ്ടില്‍ സമാപിച്ച ഐസിസി ലോകകപ്പ് ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റു വീഴ്ത്തിയ ശ്രീലങ്കന്‍ താരവും മലിംഗ തന്നെയാണ്. കൂടാതെ ഏകദിനത്തില്‍ മൂന്നു തവണ ഹാട്രിക്ക് നേടിയ ഏക കളിക്കാരന്‍ എന്ന നേട്ടവും മലിംഗയ്ക്ക് സ്വന്തം.
തുടര്‍ച്ചയായ നാല് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തി മലിംഗ ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 73 ടി- 20യില്‍ നിന്നായി 97 വിക്കറ്റും മലിംഗ സ്വന്തമാക്കി. കൂടാതെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗ്യ താരമാണ് മലിംഗ.
കൂട്ടത്തില്‍ മലിംഗ കളിച്ച ഏകദിനത്തില്‍ പുറത്താക്കിയ അറിയപ്പെടുന്ന ക്രിക്കറ്റ് താരങ്ങളുടെ എണ്ണവും ചെറുതല്ല. ഏകദിനത്തില്‍ ഏറ്റവുമധികം തവണ പുറത്താക്കിയ താരം ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സനാണ്. ആറു തവണയാണ് ഏകദിനത്തില്‍ വാട്‌സന്‍ മലിംഗയ്ക്കു മുന്നില്‍ മൂക്കുംകുത്തി വീണത്.
പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി, മുഹമ്മദ് ഹഫീസ്, ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്ടില്‍ എന്നിവര്‍ അഞ്ചു തവണ വീതം പുറത്താക്കി. വീരേന്ദര്‍ സേവാഗിനെയും മുഹമ്മദ് ഹഫീസിനെയും രണ്ടു തവണ വീതം ഡക്കിനും പുറത്താക്കി. പ്രായം കൂടുംതോറും വീര്യം കൂടുന്ന ഈ വീഞ്ഞ് ഇന്നും ആരാധകര്‍ക്ക് പ്രിയങ്കരനും എതിരാളികള്‍ക്ക് പേടിസ്വപ്നവുമാണ്.
ക്രിക്കറ്റ് ലോകത്തിന് ഒരുപാട് നേട്ടങ്ങള്‍ നല്‍കി വരുന്നതിനിടയിലാണ് ക്രിക്കറ്റ് പ്രേമികളെ നിരാശയിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. യുവ താരങ്ങള്‍ക്കു വേണ്ടി വഴി മാറിക്കൊടുത്ത് ഇതിഹാസ താരം വിട പറഞ്ഞതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ലോകത്തിന്റെ സുവര്‍ണ കാലഘട്ടത്തിനാണ് ഇതോടെ തിരശീല വീഴുന്നത്.
Staff Reporter