അവസാനത്തെ കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്തു; ഖത്തറിലെ മൂന്നാമത്തെ ആശുപത്രിയും അടച്ചു

അവസാന കോവിഡ് രോഗിയെയും ഡിസ്ചാര്‍ജ്ജ് ചെയ്ത് ഖത്തറിലെ മൂന്നാമത്തെ കോവിഡ് ഹോസ്പിറ്റലും അടച്ചു. ഇതേ തുടര്‍ന്ന് ലെബ്‌സയ്യര്‍ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റല്‍ ഐസൊലേഷന്‍ കേന്ദ്രമാക്കി മാറ്റി. മുഴുവന്‍ രോഗികളെയും ചികിത്സിച്ച് ഭേദമാക്കിയ ഖത്തറിലെ മൂന്നാമത്തെ ഹോസ്പിറ്റലാണിത്.

പ്രതിരോധമന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു ഈ കോവിഡ് ഹോസ്പിറ്റല്‍ സജ്ജമാക്കിയിരുന്നത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ഹനാന്‍മുഹമ്മദ് അല്‍ കുവാരി പ്രതിരോധ വകുപ്പ് അധികൃതര്‍ക്ക് നന്ദിയര്‍പ്പിച്ചു. രോഗവ്യാപനം വീണ്ടുമുണ്ടാകുകയാണെങ്കില്‍ തുടര്‍ന്നും പ്രതിരോധ വകുപ്പിന്റെ സഹകരണം മന്ത്രി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്ന ഈ ഫീല്‍ഡ് ഹോസ്പിറ്റലില്‍ 504 ബെഡ്ഡുകളായിരുന്നു സജ്ജീകരിച്ചിരുന്നത്. 25 ഡോക്ടര്‍മാരും 170 ഓളം നഴ്‌സുമാരുമാണ് ഇവുടെ രോഗികളുടെ പരിചരണത്തിനായുണ്ടായിരുന്നത്. റാസ് ലഫാന്‍, മിസൈദ് എന്നീ കോവിഡ് ഫീല്‍ഡ് ഹോസ്പിറ്റലുകളാണ് നേരത്തെ രോഗികള്‍ കുറഞ്ഞതോടെ അടച്ചത്.

Top