ഡല്‍ഹി തെരഞ്ഞെടുപ്പ്; നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 1029 സ്ഥാനാര്‍ത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്.

തെരഞ്ഞെടുപ്പ് അടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ മുന്നണികളെല്ലാം പ്രചാരണ ചൂടിലാണ്. അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയോടെ ബിജെപി പ്രചാരണം ഉര്‍ജ്ജിതമാക്കി.വരും ദിവസങ്ങളില്‍ പ്രധാനമന്തി നരേന്ദ്രമോദി ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, ഹര്‍ഷവര്‍ധന്‍, തുടങ്ങിയവരും പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും.

വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യും. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇതില്‍ പ്രമുഖന്‍. മുന്‍മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാനും അര്‍ജുന്‍ മുണ്ടെയും അടക്കം വോട്ട് പിടിക്കാനായി കളത്തിലിറങ്ങും.

നിലവിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര ഭരിക്കുന്ന ബിജെപിയും തമ്മിലാണ് ഇക്കുറി ഡല്‍ഹിയില്‍ പ്രധാന പോരാട്ടം. കോണ്‍ഗ്രസും ശക്തിയായി മത്സരരംഗത്തുണ്ടാക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് പട്ടികയില്‍ ഉള്ളത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 40 താരപ്രചാരകരാണ്. ആം ആദ്മി പാര്‍ട്ടിയും പ്രചരണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം ഫെബ്രുവരി 11ന് ഉണ്ടാകും.

Top