Last letters : From Mosul schoolboys to Islamic State ‘martyrs’

മൊസൂള്‍: കുട്ടികളെ എങ്ങനെയൊക്കെ പഠിപ്പിച്ച്… പ്രചോദിപ്പിച്ച് തീവ്രവാദിയാക്കി ഐ എസ് ഭീകരര്‍ മാറ്റുന്നു എന്നതിന് ഒരു തെളിവ് കൂടി പുറത്ത്.

‘എന്റെ പ്രിയപ്പെട്ട കുടുംബമേ, എന്നോട് ക്ഷമിക്കണം. ഞാന്‍ മരിക്കുമ്പോള്‍ ആരും സങ്കടപ്പെടരുത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുത്. എന്നെ വിവാഹം കഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളതിനു സമ്മതിച്ചില്ല. പക്ഷേ, പറുദീസയിലെത്തുമ്പോള്‍ എനിക്ക് 72 കന്യകമാരെ വിവാഹം കഴിക്കാന്‍ സാധിക്കും. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ ഒരു പരിശീലന ക്യാംപില്‍നിന്നു കണ്ടെത്തിയ കത്തില്‍ പറയുന്ന വാക്കുകളാണിത്.

മരണം വരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ഐ എസ് ചാവേറായ പതിനഞ്ചു വയസുകാരനായ അലാ അബ്ദ് അല്‍ അക്കീദിയെന്ന കുട്ടി വീട്ടുകാര്‍ക്ക് വേണ്ടി എഴുതിയ കത്താണിത്. ഐഎസിന്റെ ലെറ്റര്‍ ഹെഡിലെഴുതിയ കത്തില്‍ പടിഞ്ഞാറന്‍ മൊസൂളിലെ വീട്ടിലേക്കുള്ള വിലാസവും രേഖപ്പെടുത്തിയിരുന്നു.

ഇറാഖി സൈന്യത്തിനെതിരേയാണ് അക്കീദ് ചാവേറാകാന്‍ നിയോഗിക്കപ്പെട്ടത്. മൊസൂളിലെ ഐ എസ് പരിശീലന ക്യാമ്പില്‍ ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഈ കത്ത് കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലന കേന്ദ്രത്തിലെ ഇടനാഴികളില്‍ ഒന്നില്‍ നിന്നാണ് ഈ കത്ത് ലഭിച്ചത്. മറ്റു ചാവേറുകള്‍ എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട്.

ജിഹാദിനുവേണ്ടി രണ്ടര വര്‍ഷത്തിനിടെ റിക്രൂട്ട് ചെയ്ത 15-16 വയസ്സുള്ള കുട്ടികളില്‍ ഒരാളാണ് അക്കീദി. യുഎസ്, ഇറാഖ് സേനയ്‌ക്കെതിരെ പോരാടാന്‍ കുട്ടികളെയാണ് ഐഎസ് കൂടുതലായി ഉപയോഗിക്കുന്നത്. ഐഎസിന്റെ പരിശീലന ക്യാംപില്‍നിന്ന് റിക്രൂട്ട്‌മെന്റുകളുടെ വിവരമടങ്ങിയ റജിസ്റ്ററുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇരുപതുവയസ്സിനു താഴെ പ്രായമുള്ള അന്‍പതോളം പേരുടെ ജന്മദിനമടക്കമുള്ള വിവരങ്ങള്‍ ഇതില്‍ രേഖപ്പെടുത്തിയിരുന്നു.

ഐ എസ് പിടിയിലായ പ്രദേശങ്ങളിലെ കുട്ടികളെ നിര്‍ബന്ധപൂര്‍വ്വം പരിശീലിപ്പിച്ച് കൊടും ഭീകരരും ചാവേറുകളുമാക്കി ഐ എസ് മാറ്റുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ലോകമെങ്ങും ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ കത്തും പുറത്ത് വന്നിരിക്കുന്നത്.

നിര്‍ബന്ധപൂര്‍വ്വം മാത്രമല്ല തെറ്റിധരിപ്പിച്ചും ‘ മായാലോകത്തെ ‘ പ്രതീക്ഷകള്‍ നല്‍കിയും ഐസ് കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട് എന്നത് കൂടി അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതാണ് പുറത്ത് വന്ന കത്തിലെ പരാമര്‍ശങ്ങള്‍

Top