മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിലെക്കാണ് അവസാനഘട്ട പോളിംഗ് നടക്കുന്നത്. 1,247 പോളിംഗ് സ്‌റ്റേഷനുകളാണ് രണ്ടാമത്തെയും അവസാനഘട്ടവുമായ വോട്ടെടുപ്പിനായി മണിപ്പൂരില്‍ ഒരുക്കിയിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെയാണ് പോളിംഗ് നടക്കുക.
22 മണ്ഡലങ്ങളില്‍ നിന്ന് രണ്ട് വനിതകളടക്കം 92 സ്ഥാനാര്‍ഥികളാണ് മണിപ്പൂരിലെ അവസാനഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടിയിറങ്ങുന്നത്. നേരത്തെ കഴിഞ്ഞ മാസം 28നായിരുന്നു മണിപ്പൂരിലെ 38 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. 78.30 ശതമാനം പോളിംഗായിരുന്നു ആദ്യഘട്ട വോട്ടെടുപ്പില്‍ രേഖപ്പെടുത്തിയത്.
സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി ഒറ്റയ്ക്കാണ് മണിപ്പൂരില്‍ മത്സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് സിപിഐഎമ്മിനെയും, സിപിഐനെയും, ഫോര്‍വാര്‍ഡ് ബ്ലോക്കിനെയും, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും, ജനദാതള്‍(എസ്സ്)നെയും ഒപ്പംകൂട്ടി മണിപ്പൂര്‍ പ്രോഗ്രസീവ് സെക്കുവര്‍ അലയന്‍സ് (എംപിഎസ്എ) എന്ന സഖ്യമായാണ് തെരഞ്ഞെടുപ്പിനിറങ്ങിയിരിക്കുന്നത്.
2017ല്‍ നടന്ന തെരഞ്ഞടുപ്പില്‍ 28 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെയും, നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെയും എല്‍ജെപിയെയും ഒപ്പംകൂട്ടി ബിജെപി മണിപ്പൂരിന്റെ അധികാരം പിടിക്കുകയായിരുന്നു.