ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ 911 ശ്രേണിയിലെ അവസാന കാര്‍ കോവിഡ് ബാധിതര്‍ക്കായി സമര്‍പ്പിക്കാനൊരുങ്ങുന്നു. കമ്പനി രേഖകളില്‍ 991 സീരീസ്’ എന്ന വിളിപ്പേരുള്ള 911 ശ്രേണിയിലെ അവസാന സ്പീഡ്സ്റ്റര്‍ ആവും ആര്‍ എം സോത്ത്ബീസ് വഴി ലേലത്തിനെത്തുക.
അടിസ്ഥാന വില നിശ്ചയിക്കാതെ നടക്കുന്ന ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക പൂര്‍ണമായും കോവിഡ് ബാധിതര്‍ക്ക് ആശ്വാസം പകരാനുള്ള യുണൈറ്റഡ് വേ വേള്‍ഡ് വൈഡ് ഫണ്ടിനു കൈമാറുമെന്നാണു പോര്‍ഷെയുടെ വാഗ്ദാനം.
കോണ്യാക് ലതര്‍ ഇന്റീരിയറിനൊപ്പം ഹെറിറ്റേജ് ഡിസൈന്‍ പാക്കേജും നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനോടെയെത്തുന്ന അവസാന മോഡലെന്നു വിലയിരുത്തപ്പെടുന്ന ഈ കാറിന്റെ പ്രത്യേകതയാവും.
ലേലത്തില്‍ വിജയിക്കുന്ന വ്യക്തിക്കു ജര്‍മനിയിലെ പോര്‍ഷെ ഡവലപ്‌മെന്റ് സെന്റര്‍ സന്ദര്‍ശിക്കാനും അവസരമുണ്ടാവും. പോര്‍ഷെ നോര്‍ത്ത് അമേരിക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ക്ലോസ് സെല്‍മെറാവും കാറിന്റെ താക്കോല്‍ കൈമാറുക. കൂടാതെ ‘പോര്‍ഷെ 911’ ലൈന്‍ മേധാവി ഡോ ഫ്രാങ്ക് സ്റ്റീഫന്‍ വാലിസറുമായും ജി ടി കാഴ്‌സ് മേധാവി ആന്‍ഡ്രിയാസ് പ്രിയൂണിജറുമായും വിജയിക്ക് സംവദിക്കാനും അവസരമൊരുക്കും.
അതേസമയം, യു എസ് നിവാസികള്‍ക്കു മാത്രമാണ് കാര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം. ജേതാവിനു കാറിന്റെ ഷാസി നമ്പര്‍ കൊത്തിയ പോര്‍ഷെ ഡിസൈന്‍ ക്രോണോഗ്രാഫ് വാച്ചും വാഗ്ദാനമുണ്ട്. 2011 നിരത്തിലെത്തിയ ‘911’ ഉല്‍പ്പാദനം കമ്പനി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു.
കൊറോണ വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ആര്‍ എം സോത്ത്ബീസിന്റെ വെബ്‌സൈറ്റ് വഴിയാവും ലേലം നടത്തുക. ഈ 15 മുതല്‍ 22 വരെയാണു ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുക.