അനശ്വരമായ സ്വരമാധുര്യം കൊണ്ട് ആസ്വാദക മനസുകളെ കീഴടക്കിയ ലതാ മങ്കേഷ്‌കര്‍ എന്ന സ്വരലാവണ്യത്തിന് ഇന്ന് 87 ാം ജന്മദിനം.
ഇന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെടുന്ന ലതാമങ്കേഷ്‌കര്‍ സംഗീത ലോകത്തിന് നല്‍കിയ സംഭാവനകള്‍ നിരവധിയാണ്.
നടനും ഗായകനുമായിരുന്ന മാസ്റ്റര്‍ ദീനാനാധ് മങ്കേഷ്‌കറുടെ മകളായി 1929 സെപ്തംബര്‍ 28 നാണ് ലതാ മങ്കേഷ്‌കര്‍ ജനിച്ചത്.
ഹിന്ദി ചലച്ചിത്ര പിന്നണിഗാനരംഗത്ത് നൂര്‍ജഹാന്‍, സുരയ്യ, ഷംസാദ് ബീഗം തുടങ്ങിയ അഭിനേത്രികള്‍ ഗായികമാരായും കൊടികുത്തിവാണിരുന്ന 1942 ലാണ് ലതാ മങ്കേഷ്‌കര്‍ ആ രംഗത്തേക്ക് കടന്നുവന്നത്.
എന്നാല്‍ പിന്നീട് ചലച്ചിത്രഗാനശാഖയ്ക്കുതന്നെ പുതിയൊരു പ്രസരിപ്പും ഉന്മേഷവും പകരാന്‍ അതൊരു നിമിത്തവും അനുഗ്രഹവുമായി.
ലതയുടെ സ്വന്തം സ്വരത്തിലുള്ള ആലാപനശൈലികൊണ്ട് ചലച്ചിത്രസംഗീതത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താനും പുത്തന്‍ പ്രവണതകള്‍ രൂപപ്പെടുത്തിയെടുക്കാനും അന്നത്തെ സംഗീതസംവിധായകര്‍ക്ക് പ്രചോദനമായി.
ഹിന്ദി ,മറാഠി ഭാഷകള്‍ക്ക് പുറമെ ഇന്ത്യയിലെ മിക്ക ഭാഷകളിലും ലതാ മങ്കേഷ്‌കര്‍ പാടിയിട്ടുണ്ട്.
അഞ്ചാമത്തെ വയസില്‍ അച്ഛനില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ലത പഠിക്കുന്നത്. ഉസ്താദ് അമാനത് അലി ഖാനും,അമാനത് ഖാന്‍ ദേവാസ്വാലെയുമായിരുന്നു ക്ലാസിക്കല്‍ സംഗീതത്തില്‍ ലതാ മങ്കേഷ്‌കറിന്റെ ഗുരുക്കന്മാര്‍.
പണ്ഡിറ്റ് തുളസീദാസ് ശര്‍മയുടെ കീഴിലും സംഗീതം പഠിക്കാനുള്ള അവസരം ലതയ്ക്ക് ലഭിച്ചിരുന്നു.
13- ാം വയസില്‍ അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്ന് കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടിയാണ് ലത പാട്ടിലേക്കും ഒപ്പം അഭിനയത്തിലേക്കും കടന്നു വന്നത്. എന്നാല്‍ അത് വരാനിരിക്കുന്ന പാട്ടിന്റ വസന്തകാലത്തിന്റെ തുടക്കമായിരുന്നു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു.
1958 ല്‍ തന്നെ ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് ലതയെ തേടിയെത്തി. മധുമതി എന്ന ചിത്രത്തിലെ ആജാ രേ പര്‍ദേശി എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ്.
1969 ല്‍ പദ്മ ഭൂഷണും 1999 ല്‍ പദ്മ വിഭൂഷണ്‍ അവാര്‍ഡും അവരെ തേടിയെത്തി. 1989 ല്‍ ദാദാ സഹേബ് ഫാല്‍ക്കെ അവാര്‍ഡും 2001 ല്‍ ഭാരത രത്‌ന പുരസ്‌കാരവും ലതയ്ക്ക് ലഭിച്ചു.