ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണം 813 ആയി. ലോകത്തെ പിടിച്ചുലച്ച സാര്‍സിനെ കൊറോണ മറികടന്നെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോംഗിലും ഫിലിപ്പൈന്‍സിലും ഓരോ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഇതുകൂടി കൂട്ടിയാണ് മരണം 813 ആയത്.
2003 ല്‍ സാര്‍സ് ബാധിച്ച് ലോകത്ത് ആകെ 744 പേര്‍ ആയിരുന്നു മരിച്ചത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ഹൂബൈ പ്രവിശ്യയില്‍ മാത്രം ഇതുവരെ 780 പേരാണ് മരിച്ചത്.
കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ ഓരോ ദിവസം ചെല്ലുന്തോറും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചൈനയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 803 ആയി. ഇന്നലെ മാത്രം 81 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഹോങ്കോങ്ങിലും ഫിലീപ്പിന്‍സിലും നേരത്തെ ഓരോരുത്തരും മരിച്ചതിനാല്‍ ആകെ മരണസംഖ്യ 805 ആയി. അതിനിടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം സാര്‍സിനേക്കാളും ഉയര്‍ന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാല്‍ മരണ സംഖ്യ ഉയരാനാണ് സാധ്യത. ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളില്‍ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.