ന്യൂഡല്‍ഹി: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വീല്‍ചെയര്‍ ചോദിച്ച യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പൈലറ്റായ ജയകൃഷ്ണയുടെ ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തത്.
ജനുവരി 13ന് ചെന്നൈ-ബംഗളൂരു വിമാനത്തിലായിരുന്നു സംഭവം. വീല്‍ചെയര്‍ ചോദിച്ചതിന് മാധ്യമപ്രവര്‍ത്തക സുപ്രിയ ഉണ്ണി നായരോടും അവരുടെ എഴുപതിഅഞ്ചുകാരിയായ അമ്മയോടും പൈലറ്റ് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഒരു രാത്രി ജയിലില്‍ കിടത്തി നിങ്ങളെ താന്‍ മര്യാദ പഠിപ്പിച്ച് തരാം എന്നായിരുന്നു പൈലറ്റിന്റെ ഭീഷണി.
പൈലറ്റ് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് സംഭവത്തില്‍ പൈലറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.