ഒടുവില്‍ അതും എത്തി; വാട്‌സ് ആപ്പ് പേ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി

ഡിജിറ്റല്‍ പേമെന്റ് സേവനം ഒടുവില്‍ വാട്സ് ആപ്പില്‍ ലഭ്യമാകുന്നു. വാട്സാപ്പ് മെസേജിങ് ആപ്ലിക്കേഷനില്‍ പണമിടപാട് സേവനം ആരംഭിക്കാന്‍ നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അനുമതി നല്‍കി.

ഘട്ടം ഘട്ടമായി സേവനം എത്തിക്കാനാണ് അനുമതി. ആദ്യ ഘട്ടത്തില്‍, 10 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാട്ട്സ് ആപ്പ് പേ മെസേജിംഗ് ആപ്പ് വഴി ലഭ്യമാക്കും. ഉപയോക്താക്കളുടെ പണമിടപാട് വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്കിന്റേയും എന്‍പിസിഐയുടേയും വ്യവസ്ഥകള്‍ വാട്സ് ആപ്പ് അംഗികരിച്ചു.

ഇന്ത്യയില്‍ തന്നെ 40 കോടി ഉപയോക്താക്കള്‍ വാട്സ് ആപ്പിനുണ്ട്. യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐ പണമിടപാടുകള്‍ വാട്സാപ്പ് വഴി നടത്താനാവും. ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിച്ച് പണമിടപാട് നടത്താം.

നിലവില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പേ ആണ്. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍ പേ ആണ് രണ്ടാമത്. തൊട്ടുപിന്നില്‍ പേടിഎമ്മും എന്‍പിസിഐയുടെ ഉടമസ്ഥതയിലുള്ള ഭീം ആപ്പുമാണുള്ളത്.

Top