തിരുവനന്തപുരം: സോളാര്‍ വിഷയം വീണ്ടും കത്തിപടര്‍ന്നതോടെ തലസ്ഥാനം വീണ്ടും യുദ്ധക്കളമായി. മുഖ്യമന്ത്രിയുടെയും ആര്യാടന്‍ മുഹമ്മദിന്റെയും രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ രൂക്ഷമായ സംഘര്‍ഷം.
പൊലീസ് പ്രവര്‍ത്തകരെ തല്ലിയോടിച്ചു. നിരവധി തവണ ഗ്രനേഡും കണ്ണീര്‍വാതകവും ജലപീരങ്കിയും പൊലീസ് പ്രയോഗിച്ചു. ലാത്തിയടിയില്‍ നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വി.ശിവന്‍കുട്ടി എംഎല്‍എയും സമരമുഖത്തുണ്ടായിരുന്നു.
സെക്രട്ടറിയേറ്റിലെ കന്റോണ്‍മെന്റ് കവാടത്തിലേയ്ക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കും നേരെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കണ്ണീര്‍വാതകവും ഗ്രനേഡും പൊലീസ് പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകരെ ലാത്തിവീശി ഓടിച്ച പോലീസിനു നേരെ കല്ലേറുണ്ടായി. നൂറുകണക്കിനു പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് എത്തിയതോടെ തലസ്ഥാനം യുദ്ധക്കളമായി മാറി.
വി.ശിവന്‍കുട്ടി എം.എല്‍.എ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ എത്തി പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി പോയ വെസ്റ്റ് ഹില്‍ ഗസ്റ്റ്‌ഹൌസിലും പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.
രാവിലെ അഞ്ചിന് മലബാര്‍ എക്‌സ്പ്രസില്‍ ഉമ്മന്‍ചാണ്ടി എത്തുന്നതറിഞ്ഞ പ്രവര്‍ത്തകാര്‍ സ്റ്റേഷനില്‍ തമ്പടിക്കുകയായിരുന്നു. യുവമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. വിവരമറിഞ്ഞ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തി. ഇതോടെ വന്‍ പൊലീസ് സംഘമാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വന്‍ സുരക്ഷാവലയത്തിലാണ് ഉമ്മന്‍ചാണ്ടിയെ പുറത്തെത്തിച്ചത്.