കോട്ടയം: മുന്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് ഇനി എന്‍സിപിക്ക് ഒപ്പം. വരും ദിവസങ്ങളില്‍ എന്‍സിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പി സി ചാക്കോയുടെ ഇടപെടലാണ് എന്‍ സി പിയിലേക്ക് വരാന്‍ ഇടയാക്കിയത്. എന്‍സിപിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിരവധി പേര്‍ എന്‍സിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സമീപിക്കുന്നുണ്ടെന്നും ലതികാ സുഭാഷ് കോട്ടയത്ത് അറിയിച്ചു.
പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന് ഒപ്പം പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ അഴിമതിയില്ലാതെ കാര്യക്ഷമമായി നടപ്പാക്കാനായി. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിനിടക്കും കിട്ടിയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറെ പ്രതീക്ഷയോടെയാണ് ഏറ്റെടുത്തത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വനിതാ പ്രാതിനിധ്യത്തിന് വേണ്ടി വാദിക്കാന്‍ ഈ പദവികൊണ്ട് കഴിഞ്ഞു.
കെപിസിസി അധ്യക്ഷന്‍ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയതെന്നും ലതികാ സുഭാഷ് പറഞ്ഞു.