തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ വനിതകളെ തഴഞ്ഞുവെന്നാരോപിച്ച് തല മുണ്ഡനം ചെയ്ത് ലതിക സുഭാഷിന്റെ പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അവര്‍ രാജിവെച്ചു. കെ.പി.സി.സി. ആസ്ഥാനത്തിന് മുന്നില്‍വച്ചാണ് അവര്‍ തലമുണ്ഡനം ചെയ്തത്. മറ്റൊരു പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അവര്‍ സ്വതന്ത്രയായി മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നാട്ടുകരും കുടുംബാംഗങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളെ പട്ടികയില്‍ തഴഞ്ഞുവെന്ന് ആരോപിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ലതിക മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും ലതിക സുഭാഷിന് തൊണ്ടയിടറി. വികാരഭരിതയായാണ് അവര്‍ തന്റെ വിഷമം പങ്കുവെച്ചത്.
‘പാര്‍ട്ടിക്ക് വേണ്ടി എല്ലാ കാലത്തും നിസ്വാര്‍ഥമായി പണിയെടുത്ത വ്യക്തിയാണ് താന്‍. ഈ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ, കെ.പി.സി.സി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റ് രമണി പി.നായര്‍ ഉള്‍പ്പടെയുളള വനിതകള്‍ തഴയപ്പെട്ടുപോയി.
അന്‍സജിതയുടെ പേര് മഹിളാ കോണ്‍ഗ്രസ് നല്‍കിയിരുന്ന പട്ടികയില്‍ ഉണ്ടായിരുന്നു. അതില്‍ സന്തോഷമുണ്ട്. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുളളത് സങ്കടകരമാണ്. കൊല്ലത്ത് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസിലൂടെ കടന്നുവന്ന ഡിസിസി പ്രസിഡന്റും മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്ക് ഇന്നലെ കണ്ണീരണിയേണ്ടി വന്നു ഇന്ന് കൊല്ലത്ത് തന്നെ പേരുറപ്പിക്കുന്നതിന് വേണ്ടി.’
‘ഏറ്റുമാനൂരില്‍ സീറ്റ് ആഗ്രഹിച്ച ഒരാളാണ് ഞാന്‍. ഇന്ന് എംഎല്‍എമാരായിരിക്കുന്ന എന്റെ കൊച്ചനുജന്മാരേക്കാളും കൂടുതല്‍ കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. 16-ാമത്തെ വയസ്സു മുതല്‍. എന്റെ പേര് ഓരോ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വന്നുപോകാറുളളതാണ്. പക്ഷേ അവസാന സ്ഥാനാര്‍ഥി പട്ടിക വരുമ്പോള്‍ മറ്റാരെങ്കിലും ആയിരിക്കും സ്ഥാനാര്‍ഥി. ഒരു പരിഭവവുമില്ലാതെ ആസ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കാന്‍ ഞാന്‍ നിസ്വാര്‍ഥമായി ഉണ്ടായിരുന്നു.’-ലതികാ സുഭാഷ് പറഞ്ഞു.