തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട 201 മത്സ്യത്തൊഴിലാളികള്‍ കൂടി ഇനി തിരിച്ചെത്താനുണ്ടെന്ന് ലത്തീന്‍ അതിരൂപത.
ഇതില്‍ 108 പേര്‍ പരമ്പരാഗത വള്ളങ്ങളില്‍ പോയവരാണെന്നും ഇവരുടെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും രൂപതാ വക്താവ് പറഞ്ഞു.
91 പേര്‍ തിരിച്ചെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇവരെ ആറു ദിവസമായിട്ടും തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് അപമാനകരമാണെന്നും ലത്തീന്‍ അതിരൂപതാ വികാരി ഫാദര്‍ യൂജിന്‍ പെരേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് യഥാസമയം മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം ഉണ്ടാവില്ലായിരുന്നു. രക്ഷാപ്രവര്‍ത്തനം പോലും മന്ദഗതിയില്‍ ആയിരുന്നു. കടലിനെ നന്നായി അറിയാവുന്ന മത്സ്യത്തൊഴിലാളികളെ തെരച്ചില്‍ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് ഉചിതമായില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇനിയും തിരിച്ചു വരാത്തവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്. കാണാതായവരെ കുറിച്ച് സര്‍ക്കാരിന്റെ കൈയില്‍ കൃത്യമായ വിവരം പോലുമില്ല. കാണാതായവരില്‍ എത്രപേര്‍ സുരക്ഷിതരാണെന്ന് പറയാന്‍ പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല.
സംഭവം നടന്നയുടന്‍ തന്നെ ഭരണാധികാരികള്‍ ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നെങ്കില്‍ അത് ഏറെ ആശ്വാസകരമായേനെ. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പെരേര ആവശ്യപ്പെട്ടു.