പുതിയ ടിഗ്വാന്‍ വിപണിയിലേക്ക്; നിര്‍മാണം ആരംഭിച്ച് ഫോക്‌സ്വാഗണ്‍

പുതിയ ട്വിഗ്വാന്‍ വിപണിയിലെത്തിക്കാന്‍ ഫോക്‌സ്‌വാഗന്‍ ഇന്ത്യ. അടുത്ത മാസം ആദ്യം പുറത്തിറക്കുന്നതിന്റെ ഭാഗമായി ടിഗ്വാന്റെ നിര്‍മാണം ഔറംഗാബാദ് ശാലയില്‍ ആരംഭിച്ചു. ഈ എസ്യുവി വിപണിയിലെത്തിക്കുന്നതോടെ ഈ വര്‍ഷം നാലു പുതിയ എസ്‌യുവികള്‍ എന്ന വാഗ്ദാനം പാലിച്ചെന്നും ഫോക്‌സ്വാഗന്‍ ഇന്ത്യ അറിയിക്കുന്നു.

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ എസ്‌യുവിയാണ് ഇന്ത്യയില്‍ എത്തിക്കുന്നത്. ക്രോം ഫിനിഷിലുള്ള മുന്‍ ഗ്രില്ലാണ് പുതിയ ടിഗ്വാനില്‍. എല്‍ഇഡി മെട്രിക്‌സ് ഹെഡ്ലാംപും എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുമുണ്ട്, ട്രയങ്കുലര്‍ ആകൃതിയിലുള്ള ഫോഗ്ലാംപുമുണ്ട്. വശങ്ങളില്‍ കൂടുതല്‍ പ്രധാന്യമുള്ള ക്യാരക്റ്റര്‍ ലൈനുകളാണ്. കൂടാതെ പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും നല്‍കിയിരിക്കുന്നു.

എംക്യൂബി പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന വാഹനത്തിന് കരുത്തേകുന്നത് 2 ലീറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ്. ഏഴു സ്പീഡ് ഡിഎസ്ജിയാണ് ട്രാന്‍സ്മിഷന്‍. അഞ്ചു പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ എസ്‌യുവി, ഹ്യുണ്ടേയ് ട്യൂസോണ്‍, ജീപ്പ് കോംപസ്, സിട്രോണ്‍ സി5 എയര്‍ക്രോസ് തുടങ്ങിയ വാഹനങ്ങളുമായിട്ടാകും വിപണിയില്‍ മത്സരിക്കുക.

 

Top