Launched the third phase of the construction works in Thanneermukkom bund

കോട്ടയം: നെല്‍കര്‍ഷകര്‍ക്കും മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും പ്രതീക്ഷ പകര്‍ന്നു തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍ത്തിവച്ചിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. കുട്ടനാട് മേഖലയിലെ കൃഷി നിലങ്ങളിലേയ്ക്ക് ഓരുവെള്ളം കയറുന്നതു നിയന്ത്രിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമാണു തണ്ണീര്‍മുക്കം ബണ്ട്.

1957ലാണ് ബണ്ടിന്റെ നിര്‍മാണം ആരംഭിച്ചത്. മൂന്നു ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കാനാണു കരുതിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ മൂന്നാം ഘട്ട നിര്‍മാണം മുടങ്ങുകയായിരുന്നു. പിന്നീട് കുട്ടനാട് പാക്കേജിന്റെ ഭാഗമായി ഇരുനൂറ്റമ്പതു കോടിയുടെ കേന്ദ്ര പദ്ധതിക്ക് അംഗീകാരമായി. 2014 സെപ്റ്റംബറിലാണു മൂന്നാംഘട്ട നവീകരണ ജോലികള്‍ ആരംഭിച്ചത്. എന്നാല്‍ ഫണ്ട് ലഭിക്കാതെ വന്നതോടെ പദ്ധതി പ്രവൃത്തികള്‍ നാളുകള്‍ക്കുള്ളില്‍ മുടങ്ങി. പൂര്‍ത്തിയായ പദ്ധതികളുടെ തുക അനുവദിക്കാതിരുന്നതായിരുന്നു കാരണം.

വേമ്പനാട്ടു കായലിനു കുറുകെ ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ചുള്ള ബണ്ട്‌റോഡിന്റേയും ഷട്ടറുകളുടെയും നവീകരണ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. മധ്യഭാഗത്തെ മണല്‍ച്ചിറ നീക്കി ബണ്ട് നിര്‍മിക്കാനും നിലവിലെ ഷട്ടറുകള്‍ നവീകരിക്കാനുമായി മൂന്നു സ്ഥാപനങ്ങള്‍ക്കാണു കരാര്‍ നല്‍കിയിരുന്നത്. ചെയ്ത പണിയുടെ പണം കിട്ടാതെ പണി തുടരാനാകില്ലെന്നു കരാറുകാര്‍ നിലപാടെടുക്കുകയായിരുന്നു.

ബണ്ടിന്റെ മൂന്നാംഘട്ട നിര്‍മാണം 55 ശതമാനത്തോളം പണി പൂര്‍ത്തിയായെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടൊപ്പംതന്നെ കാലപ്പഴക്കം മൂലം ദ്രവിച്ച പഴയ ബണ്ടിന്റെ ഷട്ടറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. മുഴുവന്‍ ഷട്ടറുകളും സ്റ്റീല്‍ ആക്കുന്ന ജോലികളാണ് ഇപ്പോള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്.

ഇതുവരെയുള്ള നിര്‍മാണത്തിനായി 92 കോടി രൂപ ചെലവ് വന്നതായി കരാറുകാര്‍ പറഞ്ഞു. ഡിസംബര്‍ മാസത്തോടുകൂടി ബണ്ടിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ

Top