പാരീസ്: ഫ്രാന്‍സ് ഡിഫന്‍ഡര്‍ ലോറെന്റ് കോസിയെല്‍നി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവിലെ കോച്ച് ദിദിയര്‍ ദെഷാംപ്സിനെ വിമര്‍ശിച്ചു കൊണ്ടാണ് ഇനി ഫ്രാന്‍സിനായി കളിക്കില്ലെന്ന് ലോറെന്റ് പ്രഖ്യാപിച്ചത്. കഴിഞ്ഞ യൂറോപ്പ് ലീഗിന്റെ സെമി ഫൈനലില്‍ ആഴ്സനലിനായി കളിക്കുന്നതിനിടെയാണ് കോസിയെല്‍നിക്കു ഗുരുതരമായി പരുക്കേറ്റത്.
പരുക്കേറ്റ് ടീമിനു പുറത്തായപ്പോള്‍ കോച്ച് ദെഷാംപ്സുള്‍പ്പെടെ പലരില്‍ നിന്നും തികഞ്ഞ അവഗണനയാണ് തനിക്കു നേരിടേണ്ടി വന്നതെന്നു അദ്ദേഹം ആരോപിച്ചു. മികച്ച ഫോമില്‍ കളിക്കുമ്പോള്‍ നിരവധി സുഹൃത്തുക്കളുണ്ടാവും. എന്നാല്‍ പരുക്കേറ്റു കഴിഞ്ഞാല്‍ കുറച്ചുകാലത്തേക്ക് നേരത്തേ അടുപ്പം കാണിച്ചവരൊന്നും കണ്ട പരിചയം പോലും കാണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.