കൊച്ചി: അനവധി വര്‍ഷങ്ങളോളം നീണ്ട് നിന്ന ലാവലിന്‍ ശാപത്തില്‍ നിന്നും പിണറായി വിജയന് ശാപമോക്ഷം.
ഒരു ദയാദാക്ഷിണ്യവുമില്ലാതെ എതിരാളികള്‍ നിരന്തരം വേട്ടയാടിയ പിണറായിക്ക് അനുകൂലമായി ഹൈക്കോടതിയാണ് ഇന്ന് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ലാവലിന്‍ കേസിന്റെ പ്രതിപട്ടികയിലുണ്ടായിരുന്ന പിണറായി വിജയനെ തിരുവനന്തപുരം സിബിഐ കോടതി വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി നിരാകരിച്ചത്.
പിണറായി വിജയന്‍ വിചാരണ നേരിടേണ്ടതില്ലെന്നും മൂന്ന് പേര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.
പിണറായി വിജയനെ തിരഞ്ഞുപിടിച്ച് കേസില്‍ പ്രതി ചേര്‍ക്കാന്‍ സിബിഐ ശ്രമിച്ചുവെന്നതാണ് കോടതിയുടെ ഗുരുതര പരാമര്‍ശം. ലാവ്‌ലിന്‍ ഇടപാടുമായി ബന്ധമുള്ള മറ്റു വൈദ്യുതി വകുപ്പ് മന്ത്രിമാരെ ഒഴിവാക്കിയ സിബിഐ, പിണറായി വിജയനെ മാത്രം എന്തിനു പ്രതിയാക്കിയെന്ന ചോദ്യമാണ് വിധി പ്രസ്താവം നടത്തിയ ജസ്റ്റിസ് പി.ഉബൈദ് ഉന്നയിച്ചത്.
കേസുമായി ബന്ധപ്പെട്ട് പിണറായിയെ ബലിയാടാക്കിയ സിബിഐ, അദ്ദേഹത്തെ മാത്രം വേട്ടയാടിയതില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന നിര്‍ണായക നിരീക്ഷണവും ഹൈക്കോടതി നടത്തിയിട്ടുണ്ട്.
കെഎസ്ഇബി ആസൂത്രണം ചെയ്ത പദ്ധതിയാണ് ലാവ്‌ലിന്‍. അത് നടപ്പാക്കുകയാണ് ഒന്ന്, ഏഴ്, എട്ട് പ്രതികള്‍ ചെയ്തത്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വച്ച സന്ദര്‍ഭത്തില്‍ എന്തെങ്കിലും വിവരം പിണറായി വിജയന്‍ മറച്ചുവച്ചിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഈ പദ്ധതിക്ക് വേണ്ടി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ പണം നിക്ഷേപിക്കാം എന്ന് പറഞ്ഞത് വിശ്വസിക്കാനാകില്ല. കേസില്‍ പിണറായിയെ ബലിയാടാക്കി, ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികള്‍. വാഗ്ദാനം നല്‍കുന്നതിനെ കരാറായോ ഇത് ലംഘിക്കപ്പെടുന്നത് കരാര്‍ ലംഘനമായോ കാണാനാകില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
സിബിഐയുടെ ഉദ്ദേശശുദ്ധിയിലും കോടതി സംശയം പ്രകടിപ്പിച്ചു. പിണറായിക്കെതിരായ ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും കോടതി വിലയിരുത്തി. വിധി പറയുന്നതിന് മുമ്പ് തനിക്ക് ഊമക്കത്ത് വന്ന വിവരവും ജസ്റ്റിസ് ഉബൈദ് കോടതിയില്‍ വ്യക്തമാക്കുകയുണ്ടായി.
കേസിലെ വാദം കേള്‍ക്കല്‍ അഞ്ച് മാസം മുന്‍പ് പൂര്‍ത്തിയായിരുന്നു. പിണറായിക്ക് വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വയാണ് ഹാജരായിരുന്നത്.
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിനാധാരമായിരുന്നത്.
പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വാദം.
1995 ഓഗസ്റ്റ് 10ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാര്‍ത്തികേയനാണ് എസ്.എന്‍.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വച്ചിരുന്നത്.
പിന്നീട് എസ്.എന്‍.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. എന്നാല്‍ ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. ഇതാണ് പിണറായിക്ക് വിനയായിരുന്നത്.
ഈ കേസില്‍ നേരത്തെ ടെക്‌നിക്കല്‍ കമ്മിറ്റിയംഗത്തിന്റെ സാന്നിധ്യമില്ലാതെയാണ് പിണറായി കാനഡ സന്ദര്‍ശിച്ചതെന്ന സിബിഐ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലന്ന് ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.
ജി.കാര്‍ത്തികേയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തില്‍ കാനഡ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിണറായിയുടെ കാനഡാ സന്ദര്‍ശനവേളയില്‍ സിഡയാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ഫണ്ട് നല്‍കാമെന്ന് പറഞ്ഞത്. ഇതനുസരിച്ച് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ലാവലിന്‍ കമ്പനി പണം ശേഖരിച്ച് കെഎസ്ഇബിക്ക് നല്‍കിയിരുന്നു. പിന്നീടുള്ള നടപടികള്‍ക്ക് തടസ്സം നിന്നത് അതാത് കാലത്തെ സര്‍ക്കാരുകളായിരുന്നുവെന്നും സാല്‍വെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ഇടപാടുമായി ബന്ധപ്പെട്ട് വൈദ്യുത ബോര്‍ഡിലെ ഉന്നത ജീവനക്കാര്‍ക്കുണ്ടായിരുന്ന എതിര്‍പ്പുകള്‍ സ്വാധീനം ഉപയോഗിച്ച് മറച്ചുവെച്ചെന്നും നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് കമ്പനിയുമായി ഉണ്ടാക്കിയതെന്നുമാണ് സിബിഐ ആരോപിച്ചിരുന്നത്.
പിണറായി വിജയനെ ഏഴാം പ്രതിയാക്കി സിബിഐ 2011ലാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.
ലാവ്‌ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്റലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ സിബിഐ കാട്ടിയ അലംഭാവം കേസന്വേഷണം നീളാനിടയാക്കുകയുണ്ടായി.
ഇതേതുടര്‍ന്ന് കുറ്റപത്രം വിഭജിക്കണമെന്നും കേസന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപെട്ട് പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചു. പിണറായിയുടെ വാദം അംഗീകരിച്ച ഹൈക്കോടതി കുറ്റപത്രം വിഭജിക്കാന്‍ അനുവാദം നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ തിരുവനന്തപുരം സിബിഐ കോടതി വാദം കേള്‍ക്കാനിരിക്കെ പിണറായിയും അഞ്ച് കൂട്ടുപ്രതികളും തിരുവനന്തപുരം സിബിഐ കോടതിയില്‍ സിആര്‍പിസി 256- വകുപ്പ് പ്രകാരം വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
ഈ ഹര്‍ജിയിന്മേല്‍ വാദം കേട്ട കോടതി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് പിണറായി വിജയനെയും കൂട്ടുപ്രതികളെയും വെറുതെ വിട്ടിരുന്നത്.
2013 നവംബര്‍ 5 നായിരുന്നു സിബിഐ കോടതിയുടെ ഈ വിധി. പിന്നീട് ഇതിനെതിരെ 2013 നവംബര്‍ 23 ന് ക്രൈം വാരികയുടെ പത്രാധിപരായ ടി.പി. നന്ദകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. 2014 ഫെബ്രുവരി 1 ന് സിബിഐയും ഈ വിഷയത്തില്‍ അപ്പീല്‍ സമര്‍പ്പിച്ചു.
വി.എസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാനും പിണറായി വിജയനെ വെറുതെ വിട്ട തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയുണ്ടായി. ഈ മൂന്നു ഹര്‍ജികളും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നുവെങ്കിലും സിബിഐയുടേത് ഒഴികെയുള്ള ഹര്‍ജികള്‍ കോടതി പിന്നീട് തള്ളിക്കളയുകയായിരുന്നു.
ലാവലിന്‍ കേസില്‍ ഇപ്പോള്‍ പുറത്ത് വന്ന വിധി പിണറായി വിജയനെ സംബന്ധിച്ച് കൂടുതല്‍ കരുത്ത് നല്‍കുന്നതാണ്.
ഇത്രയും കാലം ഒരു നിരപരാധിയെയാണ് മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും വേട്ടയാടിയിരുന്നുവെന്നത് പൊതു സമൂഹത്തിനിടയില്‍ ഇനി സഹതാപത്തിന് കാരണമാകും.