ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്. ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ അപ്പീലിലാണ് നടപടി.
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ മൂന്ന് വാല്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേക അനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് സിബിഐ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പ്രതിപ്പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു. ലാവ്‌ലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ ഇവര്‍ മൂന്ന് പേരും പങ്കാളികളാണ്. ഇതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. വിചാരണ ഘട്ടത്തില്‍ മാത്രമേ ഈ തെളിവുകള്‍ പരിശോധിക്കേണ്ടതുള്ളു. ലാവലിന്‍ ഇടപാടില്‍ ഹൈക്കോടതി വിചാരണ നേരിടാന്‍ നിര്‍ദേശിച്ച കെജി രാജശേഖരന്‍, ആര്‍ ശിവദാസന്‍, കസ്തുരിരംഗ അയ്യര്‍ എന്നീ കെഎസ്ഇബി ജീവനക്കാരുടെ പങ്ക് മറ്റ് പ്രതികളുടെ പങ്കാളിത്തത്തില്‍ നിന്ന് വേറിട്ട് കാണാന്‍ പാടില്ലെന്നുമാണ് സിബിഐ വാദം.
പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും. ചില വ്യക്തികളെ തെരഞ്ഞ് പിടിച്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തയെന്ന ഹൈക്കോടതി വാദം തെറ്റാണ്. ആര്‍ക്കൊക്കെ എതിരെ തെളിവുകളുണ്ടോ അവരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.