5ജി സ്മാര്‍ട്ട് ഫോണുമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് തിരിച്ചുവരവ് നടത്തി സ്വദേശി കമ്പനിയായ ലാവ. ലാവ അഗ്നി 5ജി എന്നാണ് ലാവയുടെ പുതിയ ഫോണിന്‍റെ പേര്. അത്ഭുതപ്പെടുത്തുന്ന വിലയും പ്രത്യേകതകളുമാണ് ലാവ. ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയിലേക്ക് ‘തദ്ദേശീയ ബ്രാന്‍റ്’ എന്ന പേരോടെ ഗംഭീര തിരിച്ച് വരവാണ് ലാവ അഗ്നി 5ജിയിലൂടെ ലാവ പ്രതീക്ഷിക്കുന്നത്.
ലാവ അഗ്നി 5ജി സ്മാർട്ട്ഫോണ്‍ ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണാണ്. ഇതിന്‍റെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്. എന്നാൽ ഈ ഫോണ്‍ പ്രീ-ഓർഡർ ചെയ്ത് സ്വന്തമാക്കുന്നവര്‍ക്ക് 2000 രൂപയുടെ കിഴിവ് ലാവ ഒരുക്കുന്നു. ഇതിലൂടെ ലാവ അഗ്നി 5ജി ഫോണിന്റെ വില 17,999 രൂപയായി കുറയുന്നു. ലാവയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ ഓഫര്‍ ലഭ്യമാണ്. എന്നാല് ഫോണ്‍ എന്ന് വിപണിയില്‍ ലഭ്യമാകും എന്ന് ഇതുവരെ ലാവ വ്യക്തമാക്കിയിട്ടില്ല. ഫിയറി ബ്ലൂ നിറത്തിലാണ് ലാവ അഗ്നി 5ജി എത്തുന്നത്.
ലാവ അഗ്നി 5ജി സ്മാർട്ട്ഫോൺ 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയോടെയാണ് എത്തുന്നത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റാണ് ഡിസ്പ്ലേയ്ക്കുള്ളത്. ഹോൾ-പഞ്ച് ഡിസൈനും ഈ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. 8 ജിബി റാം ശേഷിയുള്ള ഫോണിന്‍റെ കരുത്ത് നിര്‍ണ്ണയിക്കുന്നത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസി ചിപ്പാണ്. 128 ജിബി യുഎഫ്എസ് ഇന്റേണൽ സ്റ്റോറേജാണ് അഗ്നി 5ജിക്ക് ഉള്ളത്. ആൻഡ്രോയിഡ് 11ൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ രണ്ട് സിം കാർഡ് സ്ലോട്ടുകളും ഉണ്ട്.