കൊച്ചി : എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് പി. ഉബൈദാണ് ഹര്‍ജി പരിഗണിച്ചത്.
കഴിഞ്ഞ ദിവസമാണ് ലാവ്‌ലിന്‍ കേസില്‍ നിലവിലുള്ള ഹര്‍ജികളില്‍ വാദം വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. ടി. ആസഫലി ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്.
ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ കോടതി, അന്തിമ വാദം അടുത്തമാസം മൂന്നാംവാരത്തോടെ പരിഗണിക്കുമെന്നും വ്യക്തമാക്കി.
കേസ് അന്വേഷിച്ചത് തങ്ങളാണെന്നും കേസ് തിടുക്കപ്പെട്ട് പരിഗണിയ്‌ക്കേണ്ടതില്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. സി.ബി.ഐ നിലപാട് തിരിച്ചടിയായെങ്കിലും ഉപഹര്‍ജി സ്വകരിച്ചത് സര്‍ക്കാരിന് അനുകൂലമായി.
അതേ സമയം കേസില്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് നിയമപരമായി അവകാശമില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ വാദിച്ചു. ലാവ്‌ലിന്‍ കരാര്‍ വഴി സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും പിണറായിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കരാറില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.