കൊച്ചി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവെച്ചു. സിബിഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് നീട്ടിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കേസ് പഠിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.
ജസ്റ്റിസ് ബി.കമാല്‍ പാഷയാണ് ഹര്‍ജി പരിഗണിക്കുന്നത്. 2013 നവംബര്‍ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണ കൂടാതെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയത്. ഇത് ചോദ്യം ചെയ്ത് സി.ബി.ഐയും സംസ്ഥാന സര്‍ക്കാരും നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കീഴ്‌കോടതി ഇതൊന്നും പരിഗണിച്ചില്ലെന്നാണ് സി.ബി.ഐ വാദം.
സി.ബി.ഐയെ കൂടാതെ ക്രൈം പത്രാധിപര്‍ ടി.പി നന്ദകുമാര്‍, വി.എസ്.അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം.ഷാജഹാന്‍ എന്നിവരും റിവിഷന്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. ഈ റിവിഷന്‍ ഹര്‍ജികള്‍ എത്രയും വേഗം പരിഗണിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഉപഹര്‍ജിയും നല്‍കിയിരുന്നു.