കൊച്ചി : എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിനുവേണ്ടി ഡിജിപി ടി അസഫ് അലി ഹാജരാകുന്നതിനെതിരെ കേസിലെ ഏഴാം പ്രതി എ. ഫ്രാന്‍സിസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ളവരെ വെറുതേ വിട്ട സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫ്രാന്‍സിസ് ഹര്‍ജി നല്‍കിയത്.
നേരത്തെ ടി അസഫ് അലി നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ലാവ്‌ലിന്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് പിണറായി ഉള്‍പ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതും അസഫ് അലിയുടെ പരാതിയിലാണ്.
ഈ വിവരങ്ങള്‍ മറച്ചുവെച്ച് ഡിജിപി പദവി ദുരുപയോഗം ചെയ്താണ് അസഫ് അലി റിവിഷന്‍ ഹര്‍ജി നേരത്തെ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയതെന്നും ഫ്രാന്‍സിസിന്റെ ഹര്‍ജിയില്‍ പറയുന്നു.