Lavlin case-kodiyeri-pinarayi-vs achuthanandan-assembly-election

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ള പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.

ഫെബ്രുവരി 16നാണ് ഹൈക്കോടതി വീണ്ടും ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത്.

സിബിഐ കോടതി വിചാരണ കൂടാതെ പ്രതികളാക്കപ്പെട്ടവരെ വെറുതെ വിട്ടതിനാല്‍ ഉത്തരവ് റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.

സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്ന ഇടപാടില്‍ റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനെ കക്ഷിയാക്കിയതും ഇതുസംബന്ധമായി നടത്തിയ നിരീക്ഷണങ്ങളും യുഡിഎഫിനെ സംബന്ധിച്ച് ആത്മവിശ്വാസം പകരുന്നതാണ്.

സിപിഎം നേതൃത്വമാകട്ടെ കോടതിവിധി വരട്ടെ അപ്പോള്‍ പ്രതികരിക്കാമെന്ന നിലപാടിലാണ്. പിണറായിയുടെ പാര്‍ലമെന്ററി രാഷ്ട്രീയരംഗത്തേക്കുള്ള മടക്കം എതിരാളികളെ വിളറി പിടിപ്പിക്കുന്നത് കൊണ്ടാണ് റിവിഷന്‍ ഹര്‍ജിയുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.

അതേസമയം, ഹൈക്കോടതി വിധി എതിരായാല്‍ അപ്പീല്‍ നല്‍കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.

എന്നാല്‍ അപ്പീലില്‍ തീരുമാനം വൈകുകയോ എതിരാവുകയോ ചെയ്താല്‍ പിണറായിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകും.

അത്തരമൊരു സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയും ബിജെപിയുടേയും പ്രധാന പ്രചരണായുധവും ലാവ്‌ലിന്‍ കേസ് തന്നെയാവും.

രാഷട്രീയപരമായി ഇത് തിരിച്ചടിയാവുമെന്നതിനാല്‍ പിണറായിക്ക് പകരം വിഎസിനൊപ്പം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും മത്സരരംഗത്തിറങ്ങാനാണ് സാധ്യത കൂടുതല്‍. അങ്ങനെയായാല്‍ പാര്‍ട്ടി സെക്രട്ടറിയായി പുതിയ ആളെ കണ്ടെത്തേണ്ടി വരും.

തോമസ് ഐസക്കിനെ പോലെയുള്ള പ്രാഗത്ഭ്യം തെളിയിച്ചവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം ഉറപ്പാണെങ്കിലും അദ്ദേഹത്തെ വിഎസിന്റെ പിന്‍ഗാമിയാക്കാന്‍ സിപിഎം നേതൃത്വം തയ്യാറാകുമോയെന്ന കാര്യം സംശയമാണ്. ഭൂരിപക്ഷ സമുദായങ്ങളുടെ വോട്ടുകള്‍ ചോര്‍ത്താന്‍ ബിജെപി-ബിഡിജെഎസ്‌ സഖ്യം തീവ്രമായ ശ്രമം നടത്തുമെന്നതും ഐസക്കിന്റെ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്.

ലാവ്‌ലിന്‍ തിരിച്ചടിച്ചാല്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ ഘടന പോലെ വിഎസ്-കോടിയേരി കൂട്ട്‌കെട്ടായിരിക്കും അധികാരത്തില്‍ വന്നാല്‍ ഇടത് സര്‍ക്കാരിനെ നയിക്കുക.

Top