എസ്എൻസി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും…

ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരാകും. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആയിരിക്കും ഹാജരാകുക.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയിലെ പരിഗണന പട്ടികയില്‍ ആദ്യത്തെ കേസായാണ് എസ്എന്‍സി ലാവലിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ കോടതിയില്‍ ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ പത്തര മണിമുതല്‍ ജമ്മുകശ്മീര്‍ ഹര്‍ജികളാകും ആദ്യം പരിഗണിക്കുക. കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഭരണഘടന ബെഞ്ച് തീരുമാനിക്കുകയാണെങ്കില്‍ ലാവലിന്‍ കേസ് മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റും.

കേസ് പരിഗണിക്കുകയാണെങ്കിൽ അന്തിമവാദം കേൾക്കൽ വേഗത്തിലാക്കണമെന്ന് സിബിഐ ആവശ്യപ്പെടും. ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. കേസിൽ പിണറായി വിജയൻ ഉൾപ്പടെയുള്ളവര്‍ വിചാരണ നേരിടണോ വേണ്ടയോ എന്നതിലാകും സുപ്രീംകോടതി തീരുമാനം.

Top