ലാവ് ലിന്‍ കേസ്: പിണറായിക്കെതിരെ കസ്തൂരി രംഗനെ സാക്ഷിയാക്കാന്‍ നീക്കം !

തിരുവനന്തപുരം: ലാവ് ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ തന്ത്രപ്രധാനമായ നീക്കത്തിന്.

കേസില്‍ പ്രതി പട്ടികയില്‍ നിന്നും പിണറായിയെ ഒഴിവാക്കിയത് ചോദ്യം ചെയ്ത് കേസിലെ നാലാം പ്രതി കസ്തൂരി രംഗ അയ്യര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ പിടിമുറുക്കി പിണറായിയെ വെട്ടിലാക്കാനാണ് സി.ബി.ഐ നീക്കം.

ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്നാണ് കസ്തുരി രംഗ അയ്യര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെയും കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത മറ്റു പ്രതികളേയും അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയിട്ടും തന്നെ പ്രതിപ്പട്ടികയില്‍ നിലനിര്‍ത്തിയത് വിവേചനപരാമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനേയും കെഎസ്ഇബി ഉദ്യോഗസ്ഥരല്ലാത്ത മറ്റു പ്രതികളേയും വിചാരണയില്‍നിന്നൊഴിവാക്കിയ സിബിഐ കോടതി തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു.

ഹൈക്കോടതി വിധിയനുസരിച്ച് കേസിലെ രണ്ടു മുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കെതിരെ വിചാരണ നടത്തേണ്ടതാണ്. മരണമടഞ്ഞവരൊഴികെയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരായ പ്രതികള്‍ക്കെതിരെ വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഭാഗികമായി മാത്രം അനുവദിക്കുകയാണ് ഹൈക്കോടതി ചെയ്തിരുന്നത്.

പുതിയ സാഹചര്യത്തില്‍ കേസ് പുനഃരന്വേഷിക്കണമെന്നും കസ്തൂരി രംഗ അയ്യരെ മാപ്പുസാക്ഷിയാക്കണമെന്നുമുള്ള അഭിപ്രായം സി.ബി.ഐ ഉന്നത കേന്ദ്രങ്ങള്‍ക്കുണ്ട്.

സി.ബി.ഐ സുപ്രീം കോടതിയില്‍ നല്‍കുന്ന അപ്പീലിലും കസ്തൂരി രംഗ അയ്യര്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ തന്നെയാണ് പ്രധാനമായും ഉന്നയിക്കാന്‍ ഒരുങ്ങുന്നത്.

മാപ്പുസാക്ഷിയായാല്‍ ഇതുവരെ പുറത്തു പറയാത്ത കാര്യങ്ങള്‍ പോലും കസ്തൂരി രംഗ അയ്യര്‍ പറയുമെന്നാണ് സി.ബി.ഐയുടെ കണക്ക് കൂട്ടല്‍.

പിണറായി സര്‍ക്കാറുമായി ശക്തമായി ഏറ്റുമുട്ടുന്ന ബി.ജെ.പി കേന്ദ്ര നേതൃത്വം കസ്തൂരി രംഗ അയ്യരുടെ ഹര്‍ജി മുന്‍നിര്‍ത്തി പിണറായിയെ കുരുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഉറപ്പാണ്.

കേന്ദ്ര സര്‍ക്കര്‍ നിലപാട് കടുപ്പിക്കുന്നതോടെ സി.ബി.ഐ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.

Top