ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ അടുത്ത സിറ്റിങ്ങില്‍ സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും.
പിണറായി വിജയനടക്കമുള്ള മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
നേരത്തെ പലതവണ കേസ് എടുത്തപ്പോഴും സിബിഐ അഡീ.സോളിസിറ്റര്‍ ജനറലിന് ഹാജരാകുന്നതിന് വേണ്ടി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ നവംബര്‍ 9ലെ സിറ്റിങ്ങില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ നിര്‍ദ്ദേശം പോയതായാണ് സൂചന.
ഇതേതുടര്‍ന്ന് കേസിന്റെ ഫയലുകള്‍ മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥരെയും നിരവധി തവണയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിളിച്ച് വരുത്തി വിശദാംശങ്ങള്‍ തേടിയിരിക്കുന്നത്.
കേരളത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെ സിപിഎം പ്രവര്‍ത്തകര്‍ വ്യാപക ആക്രമണം നടത്തുകയാണെന്ന സംസ്ഥാന ഘടകത്തിന്റെ പരാതി ബിജെപി-ആര്‍എസ്എസ് ദേശീയ നേതൃത്വങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കെയാണ് ഇപ്പോഴത്തെ നീക്കമെന്നതും ശ്രദ്ധേയമാണ്.
ലാവ്‌ലിന്‍ കേസില്‍ സിബിഐ കോടതിവിധി ഹൈക്കോടതി റദ്ദാക്കിയാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി രാജി വയ്‌ക്കേണ്ടി വരുമെന്നതിനാല്‍ കൃത്യമായ ഇടപെടലുകളാണ് അണിയറയില്‍ നടക്കുന്നത്.
മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജന്‍ പുറത്തായ സാഹചര്യത്തില്‍ പിണറായി രാജി വയ്‌ക്കേണ്ടി വന്നാല്‍ അത് സിപിഎമ്മില്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമാകുമെന്നുമാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വങ്ങളുടെ കണക്ക്കൂട്ടല്‍.
വ്യക്തമായ ഭൂരിപക്ഷം ഇടത്പക്ഷത്തിനുള്ളതിനാല്‍ ഇടത് സര്‍ക്കാരിനെ വീഴ്ത്തി കളയാമെന്ന അഹങ്കാരമൊന്നും സംഘ്പരിവാര്‍ നേതൃത്വത്തിനില്ലെങ്കിലും സിപിഎമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കി അതുവഴി നേട്ടം കൊയ്യുക എന്നതാണ് ലക്ഷ്യം.
പിണറായി മാറി വേറെ ആര് മുഖ്യമന്ത്രിയായാലും കേന്ദ്ര കേഡര്‍ തസ്തികയായ ഐപിഎസ് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ നടപടികളെ ലഘൂകരിക്കാമെന്ന കണക്ക്കൂട്ടലും പുതിയ നീക്കത്തിന് പിന്നിലുണ്ടത്രെ.
സിബിഐ കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയാണെങ്കില്‍ സ്വാഭാവികമായും ലാവ്‌ലിന്‍ കേസിലെ ഏഴാം പ്രതിപ്പട്ടികയില്‍ പിണറായി വരുമെന്നാണ് നിഗമനം.
അതേസമയം, ലാവ്‌ലിന്‍ കേസില്‍ സിപിഎം നേതൃത്വവും പിണറായിയുമെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സിബിഐ പ്രതികളാക്കിയവരെ കോടതി വെറുതെ വിട്ടത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായതിനാല്‍ ഹൈക്കോടതിയിലെ റിവിഷന്‍ ഹര്‍ജിയില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്ന് തന്നെയാണ് അവര്‍ കരുതുന്നത്.
കഴിഞ്ഞ ജൂണ്‍ മുതല്‍ ഇതുവരെ നാല് തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. നവംബര്‍ ഒന്‍പതിന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വരുന്നതോടെ ലാവ്‌ലിന്‍ കേസ് വീണ്ടും സജീവമാകും.