തിരുവനന്തപുരം: ലാവ്‌ലിന്‍ കേസിലെ ഉപഹര്‍ജി പരിഗണിക്കുന്നത് രണ്ടു മാസത്തേക്ക് മാറ്റി വച്ച ഹൈക്കോടതിയുടെ നടപടി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കേസ് പരിഗണിക്കുമ്പോള്‍ ജഡ്ജിമാര്‍ പല തരത്തിലുള്ള പരാമര്‍ശങ്ങളും നടത്തും. അതൊന്നും അന്തിമ വിധിയല്ലെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. കോടതിയില്‍ നിന്ന് അനുകൂല വിധി വരുമ്പോള്‍ സിന്ദാബാദ് വിളിക്കുകയും പ്രതികൂല വിധി വരുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്ന രീതി കോണ്‍ഗ്രസിനും യുഡിഎഫിനും ഇല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജുഡീഷ്യറിയെ മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസില്‍ യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ല. ഭിന്നതയുണ്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ തുടരുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒഴിവു വരുന്ന രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണത്തില്‍ കോണ്‍ഗ്രസും മറ്റൊന്നില്‍ ജെ.ഡി(യു)വും മത്സരിക്കാന്‍ ധാരണയായതായും മുഖ്യമന്ത്രി അറിയിച്ചു.