Lavlin-Pinarayi reply to sudheeran’s letter

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസിനെ ഭയക്കുന്നില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. താന്‍ ഇപ്പോള്‍ ഒരു കേസിലും പ്രതിയല്ല. വിശദമായ വാദം കേട്ടശേഷമാണ് കേസ് കോടതി അവസാനിപ്പിച്ചത്.

ലാവലിന്‍ കേസില്‍ വിശദീകരിക്കാന്‍ സിപിഐഎമ്മിന് യാതൊരു ഭയവുമില്ല. നേരത്തേ കേസ് വേഗം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതു താന്‍ തന്നെയാണ്. സ്വകാര്യമായ വിധിയല്ല കേസിലുണ്ടായത്. ഇതു സംബന്ധിച്ചു വിശദീകരിക്കാന്‍ സിപിഐഎമ്മിനു ഭയമില്ല.

വേഗം വിചാരണ നടത്തണമെന്നാവശ്യപ്പെട്ടു കോടതിയില്‍ പോയയാളാണ് താന്‍. സ്വകാര്യമായ വിധിയല്ല. വാദവും പ്രതിവാദവും കഴിഞ്ഞു കുറ്റാരോപിതര്‍ക്കെതിരേ തെളിവില്ലെന്നു കണ്ടു കേസ് പോലും റദ്ദാക്കിയതാണു കോടതി. സുധീരന്‍ ഉമ്മന്‍ചാണ്ടിയുടെ പാവയാവുകയാണ്.

കേസ് വിധിയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. സിബിഐയുടെ അപ്പീലും പോയതാണ്. അതിനൊരു നടപടിക്രമമുണ്ട്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയി. ഇതു രാജ്യത്തെ നിയമത്തിന് അനുസൃതമായ നടപടിയാണോ എന്നു സുധീരന് അറിയുമോ? കേസില്‍ അപ്പീല്‍ പോകാന്‍ സിബിഐക്കേ അവകാശമുള്ളൂ.

സംസ്ഥാനം ചാടിപ്പുറപ്പെട്ട സാഹചര്യങ്ങളിലൊക്കെ സുപ്രീം കോടതി അതിന് അര്‍ഹതയില്ലെന്നു പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസുകാരുടെ ഉപജാപക വൃത്തിയുടെ കാര്യത്തില്‍ സംശയമില്ല. ആരോ എന്തോ പറയുന്നതു കേട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സുധീരന് ചേര്‍ന്നതല്ലെന്നും പിണറായി വ്യക്തമാക്കി.

ലാവലിന്‍ കേസില്‍ പിണറായി നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ തുറന്ന കത്തിന് മറുപടിയായിട്ടായിരുന്നു പിണറായിയുടെ പ്രതികരണം.

അബ്കാരി ബിസിനസ്സുകാരനായ ഹിറ്റ്‌സ് മധുവിന്റെ കാറിലാണ് സുധീരന്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുധീരന്റെ ഭാര്യാ സഹോദരന് ബാറിന്റെ ഉടമസ്ഥതയില്‍ പങ്കാളിത്തമുണ്ട്. അബ്കാരികളുമായി സുധീരന്റെ ബന്ധം പലര്‍ക്കും അറിയാവുന്നതാണ്. താന്‍ നവകേരള മാര്‍ച്ചിന്റെ ഭാഗമായി തൃശൂരില്‍ എത്തിയപ്പോള്‍ പലരും ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞിരുന്നു.

പലതും സുധീരന്‍ ചെയ്യുമെന്നു പോലും താന്‍ കരുതാത്തകാര്യങ്ങളാണ്. അക്കാര്യങ്ങള്‍ സുധീരനു വേണ്ടി ചെയ്തുകൊടുത്തയാളെന്നു പറഞ്ഞാണ് തന്നോടു വെളിപ്പെടുത്തല്‍ നടത്തിയത്. അതൊന്നും പരസ്യമായി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള മാര്‍ച്ചിന്റെ ഭാഗമായി എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

Top