തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായര്‍ തെറിക്കും.
സമരത്തിലായ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതി സംബന്ധമായി അന്വേഷണം നടത്തുന്ന കേരള വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് കോളേജ് അധികൃതര്‍ക്ക് എതിരാകുമെന്ന് ഉറപ്പായതോടെയാണ് ലക്ഷ്മി നായരെ മാറ്റി പ്രശ്‌ന പരിഹാരത്തിനായി ശ്രമം ഊര്‍ജ്ജിതമായിട്ടുള്ളത്.
വെള്ളിയാഴ്ചയാണ് അന്വേഷണ റിപ്പോര്‍ട്ട് ഉപസമിതി സര്‍വകലാശാലക്ക് സമര്‍പ്പിക്കുന്നത്. ലോ അക്കാദമിയിലെ ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവ നല്‍കുന്നതിലെ ക്രമക്കേടുകള്‍ അന്വേഷണ സംഘം ഇതിനകം കണ്ടെത്തി കഴിഞ്ഞതായാണ് സൂചന.
പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റി ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ മാനേജ്‌മെന്റിന്റെ ശ്രമം. വഴിവിട്ട പരിഗണന പ്രതീക്ഷിക്കേണ്ടതില്ലന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയതിനാല്‍ പാര്‍ട്ടി ബന്ധം കൊണ്ട് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലന്ന ബോധ്യം ലക്ഷ്മി നായര്‍ക്കും ഇപ്പോഴുണ്ട്.
ഇവരുടെ പിതൃ സഹോദരനും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായരോട് പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായ ഇടപെടല്‍ നടത്താന്‍ മുഖ്യമന്ത്രിയും കോടിയേരിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്ഥാനം ഒഴിയില്ലന്ന് വാശി പിടിച്ച ലക്ഷ്മി നായര്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ട് പോകുമെന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റത്തിന് ഒരുങ്ങുന്നത്.
എസ് എഫ് ഐ തുടക്കമിട്ട സമരം പ്രതിപക്ഷ സംഘടനകള്‍ കൂടി ഏറ്റെടുത്തതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ലോ അക്കാദമി അധികൃതര്‍ക്ക് നേരിടേണ്ടി വരുന്നത്.
മാനേജ്‌മെന്റിന്റെ സിപിഎം ബന്ധം ആരോപിച്ച് പ്രതിപക്ഷം കടന്നാക്രമിച്ചപ്പോള്‍ എസ്എഫ്‌ഐ സമരം കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി കൊണ്ടാണ് സിപിഎം ഇതിന് മറുപടി നല്‍കിയത്. എസ് എഫ് ഐ സമരക്കാരെ പിന്‍തിരിപ്പിക്കാന്‍ ചില ജില്ലാ നേതാക്കള്‍ നടത്തിയ നീക്കത്തിനെതിരെ സിപിഎം സംസ്ഥാന നേതൃത്വവും എസ് എഫ് ഐ നേതൃത്വവും കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതോടെ സമരത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള മാനേജ്‌മെന്റിന്റെ ശ്രമവും പാളുകയായിരുന്നു.
എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ക്ക് പുറമെ കെ എസ് യു, എ ബി വി പി, എം എസ് എഫ് ,എ ഐ എസ് എഫ് സംഘടനകളും ശക്തമായി സമരരംഗത്തുണ്ട്. 48 മണിക്കൂര്‍ നിരാഹാരം കിടന്ന് ബിജെപി നേതാവ് വി.മുരളീധരനും സമരത്തെ സജീവമാക്കി.
ലോ അക്കാദമി അധികൃതരെ ഏറ്റവും അധികം പ്രതിരോധത്തിലാക്കിയത് സമര പന്തലിലേക്കുള്ള വി എസിന്റെ വരവാണ്. വിദ്യാര്‍ത്ഥി സമരം ഒത്തീര്‍ക്കണമെന്ന് ചുമ്മാ ആവശ്യപ്പെടുക മാത്രമല്ല ലോ അക്കാദമിയുടെ 13 ഏക്കര്‍ ഭൂമിയല്‍ 10ഉം സര്‍ക്കാര്‍ തിരിച്ച് പിടിക്കണമെന്ന ‘വെടി ‘ യും സമരപന്തലില്‍ വി എസ് പൊട്ടിച്ചു.
ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ കൂടിയായ വി എസ് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും ബാധ്യസ്ഥരാണ്. ഇങ്ങനെ വന്നാല്‍ ലോ അക്കാദമി തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഉണ്ടാവുക. ഈ അപകടം മുന്നില്‍ കണ്ടാണ് ലക്ഷ്മി നായരെ രാജി വയ്പിച്ച് സമരക്കാരെ തണുപ്പിക്കാന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഇതിന് അവര്‍ വിസമ്മതിച്ചാല്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് പുറത്താക്കുമെന്നാണ് അറിയുന്നത്.