Law Academy Chairman calls for Lekshmi Nair’s resignation

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായർ രാജിവച്ചില്ലങ്കിൽ താൻ രാജിവയ്ക്കുമെന്ന് പറഞ്ഞ ലോ അക്കാദമി ചെയർമാൻ എവിടെ?

വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചകഴിഞ്ഞ് രണ്ട് ദിവസമായിട്ടും അക്കാദമി ചെയർമാൻ അയ്യപ്പൻ പിള്ള രാജിക്കാര്യവുമായി ബന്ധപ്പെട്ട് ഒരു നീക്കവും ഇതുവരെ നടത്തിയിട്ടില്ല.

ബി ജെ പി സ്ഥാപക സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ കെ അയ്യപ്പൻ പിള്ള ബി ജെ പിയുടെ സമര പന്തലിൽ എത്തിയാണ് ‘ധീര’ മായ തന്റെ തീരുമാനം പ്രഖ്യാപിച്ചിരുന്നത്.

ആർ എസ് എസ് – ബിജെപി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നായിരുന്നു ഈ നടപടി.

IMG-20170206-WA0000
( ബി ജെ പി നിരാഹാര പന്തലിൽ അയ്യപ്പൻ പിള്ള രാജി പ്രഖ്യാപനം നടത്തുന്നു )

വിദ്യാഭ്യാസ മന്ത്രിയുമായുള്ള വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ ചർച്ച പരാജയപ്പട്ടാൽ താൻ രാജി വയ്ക്കുമെന്നായിരുന്നു അയ്യപ്പൻ പിള്ള പറഞ്ഞിരുന്നത്.

എന്നാൽ ചർച്ച പൊളിയുകയും സമരം ശക്തമായി മുന്നോട്ട് കൊണ്ട് പോകാൻ എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ തീരുമാനിക്കുകയും ചെയ്തതോടെ അയ്യപ്പൻ പിള്ള മാത്രമല്ല ബി ജെ പിയും വെട്ടിലായിരിക്കുകയാണ്.

ബി ജെ പി സമര പന്തലിൽ വച്ച് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായർ രാജി വച്ചില്ലങ്കിൽ താൻ രാജി വയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതിനാൽ അയ്യപ്പൻ പിള്ള രാജിവയ്ക്കണമെന്ന് തന്നെയാണ് ബി ജെ പി നേതാക്കൾ നൽകിയിരിക്കുന്ന ഉപദേശം

എന്നാൽ വിദ്യാഭ്യാസ മന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ ഒത്ത് തീർപ്പുണ്ടാകുമെന്ന് കരുതി ഒരു സമ്മർദ്ദ തന്ത്രമായി പയറ്റിയ നാടകമായിരുന്നു രാജി പ്രഖ്യാപനമെന്ന ആരോപണവും ഇതിനകം ഉയർന്ന് കഴിഞ്ഞു.

ചർച്ചയിൽ ‘പണി’ പാളിയതോടെ ഇനി എന്ത് ചെയ്യണമെന്ന സജീവ ആലോചനയിലാണ് ലോ അക്കാദമി ചെയർമാനെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

രാജിവച്ചില്ലങ്കിൽ പൊതു സമൂഹത്തിന് മുന്നിൽ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന ധാരണ അയ്യപ്പൻ പിള്ളക്കുമുണ്ടത്രെ. ‘കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ‘ ഒരു അവസ്ഥ.

ലോ അക്കാദമിയെ പോലെ സംസ്ഥാനത്തെ പ്രബലമായ ഒരു സ്ഥാപനത്തിന്റെ ചെയർമാൻ സ്ഥാനം രാജി വയ്ക്കുന്നത് മണ്ടത്തരമാണെന്ന അഭിപ്രായം അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിലും സജീവമാണ്.

രാജി പ്രഖ്യാപനം ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായത്തിനാണ് അവർക്കിടയിൽ മുൻതൂക്കം.

ലോ അക്കാദമി മാനേജ്മെന്റും അയ്യപ്പൻ പിള്ള രാജിവയ്ക്കേണ്ടതില്ലന്ന നിലപാടിലാണ്. ബി ജെ പി സമരപന്തലിൽ പോയി ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട നടപടിയിൽ അംഗങ്ങൾക്കിടയിൽ എതിർപ്പുണ്ടെങ്കിലും തൽക്കാലം പ്രകോപനമൊന്നും ഉണ്ടാക്കേണ്ടതില്ലന്നാണ് തീരുമാനം.

അതേസമയം മുൻനിലപാടിനപ്പുറം മറ്റൊരു നിലപാട് ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചൂണ്ടികാട്ടി ലോ അക്കാദമി ഡയറക്ടർ നാരായണൻ നായർ ഞായറാഴ്ച രാഗത്ത് വന്നിട്ടുണ്ട്. സംഘർഷം കണക്കിലെടുത്താണെന്ന് പറഞ്ഞ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടത് തന്നെ സമരം പൊളിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ്.

തിങ്കളാഴ്ച വിവിധ സംഘടനകൾ മാർച്ച് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മാനേജ്മെന്റിന്റെ പെട്ടെന്നുള്ള തീരുമാനം.

അതേസമയം ലോ കോളജ് വിദ്യാർത്ഥികളായ സമരക്കാരുടെയുൾപ്പെടെ എല്ലാ പരീക്ഷകളും സമരത്തിന്റെ പശ്ചാതലത്തിൽ സർവകലാശാല പലതവണകളായി മാറ്റിവച്ചു കൊണ്ടിരിക്കുന്ന സാഹചര്യം തുടരാനും ഇനി ബുദ്ധിമുട്ടാകും.

ഇനിയും പരീക്ഷകൾ നീട്ടിവയ്ക്കാൻ പറ്റില്ലന്ന കർക്കശ നിലപാട് സി പി എം അംഗങ്ങൾ സിൻഡിക്കേറ്റ് യോഗത്തിൽ സ്വീകരിക്കുമെന്നാണ് അറിയുന്നത്. വിദ്യാഭ്യാസ വകുപ്പും ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ ഇടപെട്ടേക്കും.

കേരള സർവ്വകലാശാലക്ക് കീഴിലുള്ള മറ്റ് ലോ കോളേജുകളിലെ വിദ്യാർത്ഥികളും പരീക്ഷ മാറ്റി വയ്ക്കുന്ന കാര്യത്തിൽ പ്രതിഷേധവുമായി രംഗത്തുള്ളതിനാൽ സമരക്കാർക്ക് വേണ്ടി പരീക്ഷ മാറ്റി വയ്ക്കുന്നതിനെതിരെ എസ്എഫ്ഐയും കൂടി നിലപാട് ശക്തമാക്കിയാൽ ഇനി പരീക്ഷ നീട്ടിവയ്ക്കൽ സർവ്വകലാശാലക്ക് എളുപ്പമാകില്ല.

ഇത് ലോ അക്കാദമിക്ക് മുന്നിൽ സമരം ചെയ്യുന്ന ഒരു വിഭാഗത്തെ സാരമായി ബാധിക്കും.

പരീക്ഷ തടസ്സപ്പെടുത്തി കൊണ്ടുള്ള ഏത് നീക്കവും വലിയ പ്രത്യാഘാതമുണ്ടാക്കാനും പൊതു സൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും രോഷത്തിന് കാരണമാകുകയും ചെയ്യുമെന്നതിനാൽ ആ നീക്കവും നടക്കില്ല.

ഈ സാഹചര്യത്തിൽ സമരം ഇനി എങ്ങനെ അവസാനിപ്പിക്കാൻ പറ്റുമെന്ന തിരക്കിട്ട ആലോചനകൾ ഇപ്പോൾ അണിയറയിൽ സജീവമാണ്. പ്രധാനമായും സി പി ഐ യുടെ മേൽ സമ്മർദ്ദം ശക്തമാക്കി എ ഐ എസ് എഫിനെ പിന്തിരിപ്പിക്കാനാണ് നീക്കം. സർക്കാറിന്റെ ഭാഗമായ കക്ഷി പ്രതിപക്ഷ സമരത്തിന്റെ ഭാഗമാകുന്നത് ശരിയല്ലന്ന് കണ്ടാണിത്.

എസ്എഫ്ഐയും – സി പി ഐ നേതാക്കളും പരസ്യമായി ഉടക്കിയതിനാൽ ഇക്കാര്യത്തിൽ ഇനി സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ടാൽ മാത്രമേ സമവായത്തിന് എന്തെങ്കിലുമൊക്കെ സാധ്യതയൊള്ളു.

മുന്നണിയിൽ തുടർന്ന് ഇങ്ങനെ മുന്നോട്ട് പോവാൻ പറ്റില്ലന്ന് സി പി എം നിലപാടെടുത്താൽ സി പി ഐക്ക് രണ്ടിലൊന്ന് തീരുമാനിക്കേണ്ടി വരും. ആർ എസ് എസ് ഉയർത്തുന്ന ആവശ്യത്തിന് സി പി ഐ വിദ്യാർത്ഥി സംഘടന ‘കുട ‘ പിടിക്കുകയാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

Top