തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നം പരിഹരിക്കാന്‍ സിപിഎം ശ്രമം. അക്കാദമി ഡയറക്ടര്‍ എന്‍.നാരായണന്‍ നായരേയും മകനേയും എ കെ ജി സെന്ററിലേക്ക് വിളിച്ചുവരുത്തി സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തി.
നാരായണന്‍ നായരുടെ സഹോദരനും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരും എകെജി സെന്ററിലെത്തി.
ഈ വിഷയത്തില്‍ പാര്‍ട്ടി പറയുന്നതാണ് തന്റെ തീരുമാനമെന്ന് മുതിര്‍ന്ന സിപിഎം നേതാവുകൂടിയായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റണമെന്ന നിലപാടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച.
ലോ അക്കാദമിയിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് പരീക്ഷ ചുമതലകളില്‍ നിന്ന് വിലക്കിയിരുന്നു. തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം ശ്രമം തുടങ്ങിയത്.