തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ നിന്ന് എസ് എഫ് ഐയെ പിന്‍തിരിപ്പിക്കുന്ന ഒരു നിലപാടും സ്വീകരിക്കരുതെന്ന് പാര്‍ട്ടി ജില്ലാകമ്മറ്റിക്ക് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ കര്‍ക്കശ നിര്‍ദ്ദേശം.എസ് എഫ് ഐ സ്വതന്ത്ര സംഘടനയാണ് അതില്‍ അണിനിരക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പോലുമുണ്ടാകാം വ്യത്യസ്ത വീക്ഷണങ്ങള്‍ അത് കൊണ്ട് തന്നെ സംഘടനയെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകള്‍ സി പി എം ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രമുഖ നേതാവ് വ്യക്തമാക്കി.
എസ് എഫ് ഐ സമര രംഗത്ത് നിന്ന് പിന്‍മാറുന്ന സാഹചര്യമുണ്ടായാല്‍ ലോ അക്കാദമിയില്‍ എസ് എഫ് ഐ പിളരുമെന്നും പൊതു സമൂഹത്തില്‍ നിന്ന് സംഘടന ഒറ്റപ്പെടുമെന്നും എസ് എഫ് ഐ സംസ്ഥാന നേതാക്കള്‍ സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എസ്എഫ്‌ഐ യൂണിറ്റ് കമ്മറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെയുള്ള ഘടകങ്ങളിലെ പാര്‍ട്ടി അംഗങ്ങളായവരും ഇക്കാര്യത്തില്‍ ശക്തമായ നിലപാടിലാണ്.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചില സി പി എം നേതാക്കള്‍ നടത്തിയ ഇടപെടലാണ് എസ് എഫ് ഐ. പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. പന്ത്രണ്ട് ദിവസമായി തുടരുന്ന നിരാഹാര സമരം ലക്ഷ്മി നായര്‍ രാജിവയ്ക്കാതെ അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് എസ് എഫ് ഐ വിദ്യാഭ്യാസ മന്ത്രി വിളിച്ച് ചേര്‍ത്ത അനുരഞ്ജന നീക്കം പരാജയപ്പെട്ടതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ എസ് എഫ് ഐ യും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.വി എസ് സമരപന്തലില്‍ എത്തിയത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.
അതേസമയം അറ്റന്‍ഡന്‍സ്, ഇന്റേണല്‍ മാര്‍ക്ക് തുടങ്ങിയവ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന മാര്‍ഗ്ഗമായി കാണുന്ന പ്രിന്‍സിപ്പാളിന്റെയും കോളേജ് മാനേജ്‌മെന്റിന്റെയും നടപടിക്കെതിരെ കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സമരത്തിലിറങ്ങിയത് മാനേജ്‌മെന്റിന് ഇതിനകം തന്നെ വലിയ തിരിച്ചടിയായിട്ടുണ്ട്.
48 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ലോ അക്കാദമിക്കെതിരെ ഇത്രയും ശക്തമായ പ്രതിക്ഷേധം ഉയരുന്നത്.
ഇതിനിടെ ബന്ധുത്വത്തിന്റെ പേരില്‍ ലോ അക്കാദമി സമരത്തില്‍ നിലപാട് സ്വീകരിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി.ബി ജെ പിയാണ് രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.