law academy issue lakshmi nair statement

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കില്ലെന്ന് ലക്ഷ്മി നായര്‍. ലോ അക്കാദമി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ്. സിന്‍ഡിക്കേറ്റ് ഉപസമിതി ചില വിദ്യാര്‍ഥികളില്‍ നിന്നുമാത്രമാണ് തെളിവെടുത്തത്. അധ്യാപകരോടും തന്നോടും പേരിന് ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചുവെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

ഒരു ലോറിയില്‍ കൊണ്ടുപോകേണ്ട അത്ര രേഖകളാണ് അവര്‍ രണ്ടുദിവസം കൊണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. മൂന്നുവര്‍ഷത്തെ രേഖകള്‍ അവര്‍ ചോദിച്ചു. അതുകൊണ്ടു തന്നെ ചിലത് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തനിക്ക് വിലക്കേര്‍പ്പെടുത്തിയ സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന് മേല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ലക്ഷ്മി നായര്‍ വ്യക്തമാക്കി.

രാജിവെ്ക്കുന്ന പ്രശ്‌നമേയില്ല, അതുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അത്തരത്തിലുളള ഒരു പ്രചാരണവും ശരിയല്ല. ലോ അക്കാദമി ലോ കോളേജ് ഒരു സ്വകാര്യ സ്ഥാപനമാണ്. ആരെങ്കിലും പറഞ്ഞാല്‍ പ്രിന്‍സിപ്പാളിന് ഇറങ്ങിപ്പോകാന്‍ പറ്റില്ല. കോളേജ ഭരണസമിതി തനിക്ക് പിന്തുണ തന്നിട്ടുണ്ട്. ആരോപണങ്ങളെല്ലാം ഊതിപ്പെരുപ്പിച്ചതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top