തിരുവനന്തപുരം: ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് മരത്തില്‍ കയറിയും ദേഹത്ത് പെട്രോള്‍ ഒഴിച്ചും തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിയവര്‍ മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റിയത് ഗത്യന്തരമില്ലാതെ.
പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചാല്‍ മതിയെന്ന സമരക്കാരുടെ ഇപ്പോഴത്തെ നിലപാട് കഴിഞ്ഞ തവണ തന്നെ മാനേജ്‌മെന്റ് എസ്എഫ്‌ഐക്ക് മുന്നില്‍ വെച്ചിട്ടുള്ളതാണ്. മാത്രമല്ല വിദ്യാഭ്യാസ മന്ത്രി തന്നെ കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചയിലും ഈ തീരുമാനമാണ് മാനേജ്‌മെന്റ് പ്രതിനിധികളും ആവര്‍ത്തിച്ചിരുന്നത്.
എന്നാല്‍ ലക്ഷ്മി നായരുടെ രാജിയില്‍ ഉറച്ച് നിന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഭരണപക്ഷത്തെ സി പി ഐയുടെ വിദ്യാര്‍ത്ഥി സംഘടനയും ശക്തമായ നിലപാടെടുത്ത് സമരം തുടരുകയായിരുന്നു.
ബി ജെ പി നേതാവ് വി.മുരളീധരന്റെ പിന്‍ഗാമിയായി വിവി രാജേഷും കോണ്‍ഗ്രസ്സില്‍ നിന്ന് കെ മുരളീധരന്‍ എംഎല്‍എയും ഐക്യദാര്‍ഢ്യ നിരാഹാരം കൂടി ആരംഭിച്ചതോടെ ലോ അക്കാദമി മാനേജ്‌മെന്റിനെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കും സി പി എമ്മിനും എസ്എഫ്‌ഐക്കും എതിരായിക്കൂടി മാറി സമരം.
സി പി ഐ-സി പി എം ഏറ്റുമുട്ടലായി ലോ അക്കാദമി പ്രശ്‌നം മാറി തുടങ്ങിയതോടെയാണ് സമവായ ചര്‍ച്ചകളുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി വി എസ് സുനില്‍ കുമാറും രംഗത്ത് വന്നത്.
ഇരുവരും സമരം നടത്തുന്ന വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ സമരം അവസാനിപ്പിക്കുന്നതിന് ധാരണ ഉണ്ടാക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാമെന്ന് വീണ്ടും മാനേജ്‌മെന്റ് ഉറപ്പ് നല്‍കുകയായിരുന്നു. ധാരണ തെറ്റിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.
ലക്ഷ്മി നായരെ മാറ്റി പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച് കൊണ്ട് മാനേജ്‌മെന്റ് പത്രപരസ്യം നല്‍കിയതിന് ശേഷം പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കേണ്ടി വന്നതിന്റെ ‘യുക്തി’ എന്താണെന്ന് സമരത്തെ പിന്തുണച്ചവര്‍ക്ക് പോലും പിടികിട്ടിയിട്ടില്ല
നേരത്തെ എസ്എഫ്‌ഐയുമായുള്ള ചര്‍ച്ചയില്‍ അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനം ഗവേണിംങ് സമിതിയുടെ അനുമതിയോടെയാണെന്നതിന്റെ തെളിവ് ജില്ലാ ഭരണകൂടത്തിന് മാനേജ്‌മെന്റ് കൈമാറിയിരുന്നു.
പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാല മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ മറ്റൊരു കാര്യം. പത്ര പരസ്യം നല്‍കിയത് തന്നെ മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഇതിന് മാനേജ്‌മെന്റിന്റെ മറുപടി.
ചുരുക്കി പറഞ്ഞാല്‍ എസ്എഫ്‌ഐക്ക് നേരത്തെ രേഖാമൂലം നല്‍കുകയും മുന്‍പ് നടന്ന വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് ആവര്‍ത്തിക്കുകയും ചെയ്ത കാര്യത്തിനപ്പുറം കാര്യമായ ഒരു നേട്ടവും സ്വന്തമാക്കാതെയാണ് 29 ദിവസം നീണ്ടു നിന്ന വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചത്.
ലക്ഷ്മി നായരാവട്ടെ രാജിവയ്ക്കില്ലന്ന തന്റെ പിടിവാശി വിജയിച്ചതില്‍ ഹാപ്പിയുമാണ്. ഇനി അഞ്ചു വര്‍ഷം പാചകവിദഗ്ദ്ധയായ അവര്‍ക്ക് ചാനല്‍ അടുക്കളയിലേക്കും അതിന് ശേഷം പിന്നീട് ‘അരങ്ങത്തേക്കും’ വരാനാകും.
സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാക്കിയ രേഖയുടെ പകര്‍പ്പും ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ശ്രദ്ദേയമാവുയാണ്.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നതില്‍ നിന്ന്…
1.പ്രിന്‍സിപ്പാളിനെ രാജി വെപ്പിച്ചോ ?
ഇല്ല
2 .കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയോ ?
ഇല്ല
3. കോളേജിന് കൊടുത്ത ഭൂമി തിരികെ പിടിച്ചോ ?
ഇല്ല
4 .പ്രിന്‍സിപ്പള്‍ എത്ര കൊല്ലം മാറി നില്‍ക്കുമെന്നാണ് കരാറില്‍ ഉള്ളത് ?
വ്യക്തമല്ല
5 .സമരത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഇന്റേണല്‍ അടക്കമുള്ള ആവശ്യങ്ങള്‍ നേടിയെടുത്തോ ?
അത് SFIക്ക് കൊടുത്ത കരാറില്‍ ഉണ്ടല്ലോ
6 .പിന്നെന്തിനാണ് സമരം അവസാനിപ്പിച്ചത് ?
അത് പിന്നെ …..