law academy issue-sfi- Everything is going to faith

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ പരസ്പരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് മനസ്സിലാക്കാം, കാരണം സ്വാഭാവികമായും തങ്ങള്‍ പ്രതിനിധീകരിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നിലപാടുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് പറഞ്ഞ് രംഗത്ത് വരാന്‍ അവര്‍ക്ക് സംഘടനാ പരമായി ഉത്തരവാദിത്വമുണ്ടല്ലോ ?

എന്നാല്‍ സമരം പൊളിക്കാന്‍ നോക്കിയ എസ്എഫ്‌ഐക്കാര്‍ക്ക് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഒപ്പിട്ട മിനുട്‌സിന് കീഴില്‍ ഒപ്പിടേണ്ട അവസ്ഥ വന്നുവെന്ന മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം എന്തിന്റെ അടിസ്ഥാനത്തിലായാലും അപഹാസ്യമാണ്.

സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന… സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലാ യൂണിയനുകളും ഭരിക്കുന്ന സംഘടന… ആ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയുടെ ഒപ്പില്ലാതെ എടുക്കുന്ന ഒരു തീരുമാനത്തിനും നിലനില്‍പ്പ് തന്നെയുണ്ടാകില്ലന്ന് വിദ്യാഭ്യാസ മന്ത്രി ധരിച്ചിട്ടുണ്ടെങ്കില്‍ അതെങ്ങനെ തെറ്റാവും ?

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി രണ്ട് തവണ സംസ്ഥാനം ഭരിച്ചപ്പോള്‍ സംസ്ഥാനത്തെ തെരുവുകളിലും കാമ്പസുകളിലും ചോര ചിതറിയ നിരവധി സമരങ്ങള്‍ നടന്നിരുന്നുവല്ലോ? അന്നെല്ലാം സമരം നടത്തിയ എസ്എഫ്‌ഐക്കാരെ മാത്രമാണോ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിരുന്നത് ? സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഏത് ചരച്ചകളിലും ബന്ധപ്പെട്ട സംഘടനകളുടെയെല്ലാം യോഗം വിളിക്കുകയെന്നത് കീഴ് വഴക്കമാണ് അത് സാമാന്യ മര്യാദയുമാണ്. മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് അതറിയില്ലേ ?

സംസ്ഥാന കമ്മിറ്റി പോലും നിലവിലില്ലാത്ത സംഘനയുടെ പ്രസിഡന്റിനു കീഴെ ഒപ്പിടേണ്ടി വന്നതില്‍ യഥാര്‍ത്ഥത്തില്‍ പരിഭവിക്കേണ്ടിയിരുന്നത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.

PicsArt_02-09-05.33.00

തങ്ങള്‍ക്ക് ലഭിച്ചതിനപ്പുറം ഒരുറപ്പും തീരുമാനങ്ങളും ഇനി ലഭിക്കാനില്ലന്നറിയാവുന്ന എസ്എഫ്‌ഐക്ക് വേണമെങ്കില്‍ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാമായിരുന്നു. പക്ഷെ അവരത് ചെയ്തില്ല. അത്തരമൊരു നിലപാട് അവര്‍ സ്വീകരിച്ചിരുന്നെങ്കില്‍ അതായിരുന്നേനെ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ വിവാദമാക്കുക.

സി പി എം ഒഴികെയുള്ള പാര്‍ട്ടികള്‍ സംസ്ഥാനത്ത് ഒരുമിച്ചാല്‍ സി പി എമ്മിന് ഒറ്റക്ക് ഭരണം പിടിക്കാന്‍ കഴിയില്ല എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. എന്നാല്‍ എസ്എഫ്‌ഐക്കെതിരെ മറ്റെല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഒരുമിച്ചാല്‍ പോലും ആ സംഘടനയെ കേരളത്തിലെ ഭൂരിപക്ഷം കാമ്പസുകളിലും തോല്‍പ്പിക്കാന്‍ സാധിച്ചെന്ന് വരില്ല.

കഴിഞ്ഞ കാലങ്ങളില്‍ മുന്‍ഗാമികള്‍ നടത്തിയ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും കരുത്ത് തന്നെയാണ് ഇപ്പോഴും എസ്എഫ്‌ഐയുടെ അടിത്തറ.

അത്തരമൊരു സംഘടനയുടെ പ്രതിനിധി ലോ അക്കാദമിയില്‍ സമരം തുടര്‍ന്നിരുന്ന സംഘടനകളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തില്ലായിരുന്നുവെങ്കില്‍ അത് ഒരു പക്ഷേ ഉമ്മന്‍ ചാണ്ടിയുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന പോലും അംഗീകരിച്ചെന്നുവരില്ല.

ഇനി സമരത്തെക്കുറിച്ച് വിലയിരുത്തുകയാണെങ്കില്‍ 29 ദിവസമായി എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ മുരളീധരന്‍ എംഎല്‍എയും ബിജെപി നേതാവ് വി.വി രാജേഷും നടത്തിവന്ന സമരം എന്ത് നേടിയാണ് അവസാനിപ്പിച്ചത് എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.

കഴിഞ്ഞ തവണ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് അംഗീകരിക്കാത്ത ഒരു കാര്യവും സമരം അവസാനിപ്പിക്കുന്നതിനായി വിദ്യാര്‍ത്ഥി നേതാക്കള്‍ ഇപ്പോള്‍ ഒപ്പിട്ട കടലാസിലില്ല.

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലന്ന് പറഞ്ഞവര്‍ എന്ത് കൊണ്ടാണ് സമരം പിന്‍വലിച്ചതെന്ന് തുറന്ന് പറയണം..

സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യമായ പ്രിന്‍സിപ്പലിന്റെ രാജി എന്തായാലും നടന്നില്ല എന്നാല്‍ പ്രിന്‍സിപ്പല്‍ എത്ര കൊല്ലം മാറി നില്‍ക്കാമെന്നാണ് നിങ്ങള്‍ ഒപ്പിട്ട കരാറില്‍ ഉള്ളത് എന്ന് വ്യക്തമാക്കാമോ ? ‘മാറ്റി’ എന്ന് മാത്രമല്ലേ അതില്‍ പറഞ്ഞിട്ടുളളൂ ?

പുതിയ പ്രിന്‍സിപ്പലിന്റെ കാര്യത്തിലാണെങ്കില്‍, നിയമനത്തിനായി മാനേജ്‌മെന്റ് പത്രപരസ്യമടക്കം നല്‍കി മുന്നോട്ട് പോയതിനുശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയെന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

എസ്എഫ്‌ഐക്ക് മാനേജ്‌മെന്റ് ഒപ്പിട്ട് സീല്‍ വെച്ച് ലെറ്റര്‍ ഹെഡില്‍ ടൈപ്പ് ചെയ്ത് കൈമാറിയ രേഖയില്‍ 5 വര്‍ഷം ലക്ഷ്മി നായര്‍ മാറി നില്‍ക്കുമെന്നെങ്കിലും വ്യക്തമാക്കിയിട്ടുണ്ട്. ഇന്റേണല്‍ അസസ്‌മെന്റ് അടക്കമുള്ള മറ്റ് കാര്യങ്ങളിലും എസ്എഫ്‌ഐക്ക് നല്‍കിയ കരാറിലാണ് വ്യക്തതയുള്ളത്.

എസ്എഫ്‌ഐക്ക് നല്‍കിയ കരാറില്‍ പ്രിന്‍സിപ്പലിനെ ‘ഒഴിവാക്കി’ എന്നും പുതിയ കരാറില്‍ ‘മാറ്റി’ എന്നും രേഖപ്പെടുത്തിയതില്‍ മാത്രമാണ് ഒരു മാറ്റമുള്ളത്.

പിന്നെ…വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു ചര്‍ച്ച നടന്നാലും മന്ത്രി തന്നെ അതില്‍ ഒപ്പിട്ടാലും അതിന് എങ്ങനെയാണ് നിയമത്തിന്റെ പിന്‍ബലമുണ്ടാകുക? ഏതുതരം കരാറാണെങ്കിലും സര്‍ക്കാറിന് വേണ്ടി അതില്‍ ഒപ്പിടേണ്ടത് സെക്രട്ടറി റാങ്കിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് .

ഇവിടെ അത്തരമൊരു ഉദ്യോഗസ്ഥന്റെ സാന്നിധ്യം പോലും ഇല്ലാത്തതിനാല്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഒരു ജന്റില്‍മാന്‍ എഗ്രിമെന്റായിട്ടു മാത്രമേ ഒത്തുതീര്‍പ്പ് രേഖയെ കാണാന്‍ സാധിക്കു. അത്തരമൊരു ജന്റില്‍മാന്‍ എഗ്രിമെന്റ് തന്നെയാണ് എസ്എഫ്‌ഐക്കും മുന്‍പ് മാനേജ്‌മെന്റ് നല്‍കിയിട്ടുള്ളത്.

ഈ ഉറപ്പുകള്‍ നാളെ മാനേജ്‌മെന്റ് ലംഘിക്കില്ല എന്ന് ഒരു ഉറപ്പുമില്ല. എന്നാല്‍ അത്തരം നീക്കമുണ്ടായാല്‍ ചെറുക്കാനുള്ള ശക്തി എസ്എഫ്‌ഐക്ക് ഉള്ളതിനാല്‍ അവരെ സംബന്ധിച്ച് ആശങ്കയില്ലന്നാണ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. മാനേജ്‌മെന്റ് വാക്ക് പാലിച്ചില്ലങ്കില്‍ അതിന് ചുട്ട മറുപടി കൊടുത്ത് തീരുമാനമെടുപ്പിക്കുന്നതിനുള്ള ശക്തി സംയുക്ത സമരസമിതിയില്‍പ്പെട്ട വിദ്യാര്‍ത്ഥി സംഘടനകള്‍ക്കുള്ളതുകൊണ്ടാണോ സമരം അവസാനിപ്പിച്ചത് ?

PicsArt_02-09-05.32.06

മന്ത്രിയായാലും മാനേജ്‌മെന്റ് ആയാലും വാക്കുകള്‍ എപ്പോള്‍ വേണമെങ്കിലും മാറാം. സര്‍ക്കാര്‍ ഉത്തരവുകള്‍ തന്നെ പരസ്യമായി ലംഘിക്കപ്പെടുന്ന നാട്ടില്‍ അതിനുള്ള സാധ്യത തള്ളികളയാനും കഴിയില്ല. അവിടെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ കരുത്ത് കാണിക്കേണ്ടത്. നിരാഹാരം കിടന്നത് കൊണ്ട് മനസലിയുന്ന ഒരു മാനേജ്‌മെന്റും പ്രിന്‍സിപ്പലുമല്ല ലോ അക്കാദമിയിലുള്ളത്. ഒരു ധിക്കാരിയായ സ്ത്രീക്കു മുന്നില്‍ തലകുനിക്കാനുള്ളതല്ല വിദ്യാര്‍ത്ഥികളുടെ പോരാട്ട വീര്യം. അത് മനസ്സിലാക്കി വേണം എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും പ്രവര്‍ത്തിക്കേണ്ടത്.

ലക്ഷ്മി നായരെ രാജി വയ്പ്പിക്കാന്‍ എസ്എഫ്‌ഐക്ക് ഒറ്റക്ക് വിചാരിച്ചാല്‍ സാധിക്കുമായിരുന്നു. അതിനുള്ള കരുത്തും സംഘടനാ ശേഷിയും ആ സംഘടനക്കുണ്ട.് എന്നാല്‍ മാതൃ പ്രസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പലപ്പോഴും കീഴ്‌പ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുന്നതുകൊണ്ടാണ് വിമര്‍ശനം നേരിടേണ്ടി വരുന്നത്.

മുന്‍പ് ധിക്കാരിയായ വൈസ് ചാന്‍സലര്‍ വിളനിലത്തിനെതിരെ എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചതും ഇത്തരം ചില ‘സമ്മര്‍ദ്ദങ്ങള്‍ക്ക്’ വഴങ്ങിയാണ്. തെരുവില്‍ പൊലീസിന്റെ അടിയേറ്റ് പിടഞ്ഞ് വീണ നൂറ് കണക്കിന് പെണ്‍കുട്ടികള്‍ അടക്കുള്ള വിദ്യാര്‍ത്ഥികളോട് ചെയ്ത വലിയ ഒരു അപരാധമായിരുന്നു അത്. വിളനിലത്തിന്റെ കാര്‍ ഇടിച്ച് തെറുപ്പിച്ച് ചോരയൊലിപ്പിച്ച് നിന്ന എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി യു പി ജോസഫിന്റെ ദൃശ്യം പൊരുതുന്ന കേരളത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കുന്നതല്ല.

സമരങ്ങള്‍ നടത്തുന്ന പ്രവര്‍ത്തകരുടെ വികാരങ്ങളും സംഘടനയുടെ അന്തസ്സും കാത്ത് സൂക്ഷിക്കേണ്ട ചുമതല മാതൃ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഏതെങ്കിലും വ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഒരു ഒത്തു തീര്‍പ്പും ഉണ്ടായിക്കൂടാ. അത്തരമൊരു നിര്‍ദ്ദേശം പൊതുസമൂഹത്തിനിടയില്‍ അവമതിപ്പ് സൃഷ്ടിക്കാനും കേഡര്‍മാരുടെ കൊഴിഞ്ഞുപോക്കിനുമാണ് കാരണമാകുക.

ലോ അക്കാദമി സമരത്തില്‍ ലക്ഷ്മി നായര്‍ രാജി വച്ചില്ല എന്നത് മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം നേട്ടങ്ങള്‍ തന്നെയാണ്. അതിന് എസ്എഫ്‌ഐയും സമരരംഗത്തുള്ള മറ്റു വിദ്യാര്‍ത്ഥി സംഘടനകളും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് വഴങ്ങിയത് തന്നെ പ്രക്ഷോഭത്തെ പേടിച്ചിട്ടാണ്. ആ പേടി രാജിയിലെത്തിക്കാതിരുന്നതിലാണ് പോരായ്മ.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജാമ്യമില്ലാ കേസില്‍ പ്രതിയാവുകയും ചെയ്ത ഒരു പ്രിന്‍സിപ്പലിനെ ഓടിക്കാന്‍ ആവനാഴിയില്‍ ആവശ്യത്തിന് ആയുധമുണ്ടായിട്ടും കഴിഞ്ഞില്ല എന്നത് സ്വയം വിമര്‍ശനപരമായി വിദ്യാര്‍ത്ഥി സംഘടനകള്‍ പരിശോധിക്കേണ്ട കാര്യമാണ് ?

ഇപ്പോള്‍ ലക്ഷ്മി നായര്‍ മാറി നിന്ന് കരയുകയല്ല ചിരിക്കുകയാണ് ചെയ്യുന്നതെന്ന് ഓര്‍ക്കുക. എല്ലാ സമരങ്ങളും എല്ലാം നേടി അവസാനിച്ച ചരിത്രമില്ല. അങ്ങനെ നോക്കുമ്പോള്‍ അഞ്ചു വര്‍ഷമെങ്കിലും അവരെ പുറത്ത് നിര്‍ത്താന്‍ തീരുമാനമെടുപ്പിച്ചത് നേട്ടം തന്നെയാണ്. ഒരു പക്ഷേ നേരത്തെ നടന്ന ചര്‍ച്ചയില്‍ എസ്എഫ്‌ഐക്കൊപ്പം മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ കൂടി പങ്കെടുപ്പിക്കാന്‍ മാനേജ്‌മെന്റും പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകളും തയ്യാറായിരുന്നുവെങ്കില്‍ അന്നേ തീരേണ്ട സമരമായിരുന്നു ഇത്.

അങ്ങിനെയായിരുന്നുവെങ്കില്‍ ഒരു പാവം അബ്ദുള്‍ ജബാറിന് സംഘര്‍ഷം കണ്ട് കുഴഞ്ഞ് വീണ് മരിക്കേണ്ട സാഹചര്യം തന്നെ ഉണ്ടാവുമായിരുന്നില്ല.

Team Express kerala

Top