Law Academy Issue-social media protest against sfi

തിരുവനന്തപുരം: ലോ അക്കാദമി സമരം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ എസ്എഫ്ഐക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.

എസ്എഫ്ഐ സമരത്തെ ഒറ്റിക്കൊടുത്തതായ തരത്തിൽ വ്യാപകമായ കടന്നാക്രമണമാണ് സോഷ്യൽ മീഡിയയിലൂടെ സംഘടന നേരിടുന്നത്.

ലക്ഷ്മി നായരെ പോലെ വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രിൻസിപ്പലിനെതിരെ കേരളം മുഴുവൻ വികാരമുയർന്നിട്ടും അവരെ രാജി വയ്പിക്കാതെ സമരം അവസാനിപ്പിച്ച എസ്എഫ്ഐ നടപടിയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്യുന്നത്.

സമരം ചെയ്യുന്ന ഭൂരിപക്ഷം വരുന്ന ലോ അക്കാദമിയിലെ വിദ്യാർത്ഥികളെ പോലും ബോധ്യപ്പെടുത്താൻ കഴിയാതെയാണ് എസ്എഫ്ഐ സമരം അവസാനിപ്പിച്ചതെന്ന വിമർശനവും ഇതിനകം ഉയർന്ന് കഴിഞ്ഞു.

എസ്എഫ്ഐ തീരുമാനം പ്രഖ്യാപിച്ച ശേഷം നിരവധി വിദ്യാർത്ഥികൾ തങ്ങൾ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതാണ് സംഘടനക്ക് തിരിച്ചടിയായത്.

നിയമസാധുത ഇല്ലാത്ത പേപ്പറിലാണ് ലോ അക്കാദമി മാനേജ്മെന്റ് ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റുന്നതായി ഒപ്പിട്ട് നൽകിയതെന്ന് നിയമ വിദ്ഗദർ തന്നെ ചൂണ്ടി കാട്ടിയതും എസ്എഫ്ഐയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ലക്ഷ്മി നായർക്ക് പകരം പ്രിൻസിപ്പലിന്റെ ചുമതല നൽകിയ വൈസ് പ്രിൻസിപ്പലിന് യോഗ്യതയില്ല എന്ന കാര്യം എന്ത് കൊണ്ട് ചർച്ചക്ക് പോയ നേതാക്കൾ ശ്രദ്ധിച്ചില്ല എന്നത് എസ്എഫ്ഐക്കുള്ളിൽ തന്നെ ഭിന്നതക്ക് കാരണമായിട്ടുണ്ട്.

ലോ അക്കാദമിയിലെ വിദ്യാർത്ഥികളുടെ താൽപര്യത്തിനല്ല, മറിച്ച് സി പി എം നേതൃത്വത്തിലെ ചിലരുടെ താൽപര്യങ്ങൾക്കാണ് സംഘടന വഴങ്ങിയതെന്നാണ് ഒരു വിഭാഗം എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നത്.

ബന്ധപ്പെട്ട സംഘടനാ കമ്മിറ്റികളിൽ വിഷയം അവതരിപ്പിച്ച് ആഞ്ഞടിക്കാനാണ് പ്രവർത്തകരുടെ തീരുമാനം.

സോഷ്യൽ മീഡിയ പൊതു സമൂഹത്തെ വലിയ രൂപത്തിൽ സ്വാധീനിക്കുന്ന പുതിയ കാലത്ത്
എസ്എഫ്ഐയെ വിദ്യാർത്ഥി വഞ്ചകരായി ഒരു വിഭാഗം ചിത്രീകരിക്കുന്നതും അതിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പ്രതികരണങ്ങളും സംഘടനാപരമായി വലിയ വെല്ലുവിളിയാണ് എസ്എഫ്ഐക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ഒറ്റക്ക് ചർച്ചക്ക് പോയി തീരുമാനം പ്രഖ്യാപിച്ചതാണ് ഒത്ത് കളി ആരോപണത്തിന് ഇടയാക്കിയതെന്ന വിമർശനം സിപിഎം അണികൾക്കിടയിൽ പോലും ഉയർന്ന് കഴിഞ്ഞു.
ഇടത് വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫ് അടക്കം ഇപ്പോഴും സമരരംഗത്ത് ഉറച്ച് നിൽക്കുന്നത് ചൂണ്ടി കാട്ടിയാണ് എസ്എഫ്ഐക്കെതിരായ സൈബർ ആക്രമണം.

ഭരണ പരിഷ്ക്കാര അദ്ധ്യക്ഷൻ കൂടിയായ വി എസ് അച്ചുതാനന്ദൻ സമരത്തിനാധാരമായ പ്രശ്നങ്ങളും ദളിത് പീഡന സംഭവവും പരിഹരിക്കപ്പെട്ടിട്ടില്ലന്ന് ചൂണ്ടി കാട്ടി രംഗത്ത് വന്നതും എസ്എഫ്ഐക്ക് അപ്രതീക്ഷിത തിരിച്ചടിയായി.

വി എസിന്റെ വാക്കുകൾ കോട്ട് ചെയ്ത് ചാനൽ ചർച്ചയിൽ കടന്നാക്രമണമുണ്ടായപ്പോൾ പതറിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന് ഒടുവിൽ ഭൂമിപ്രശ്നത്തിൽ ആവശ്യമെങ്കിൽ എസ്എഫ്ഐ സമര രംഗത്തിറങ്ങുമെന്ന് വരെ പറയേണ്ടി വന്നു.

സ്വന്തം നിലക്കല്ല പാർട്ടി താൽപര്യത്തിനനുസരിച്ച് നിലപാടെടുക്കേണ്ടി വന്നതാണ് എസ്എഫ്ഐയെ ഇപ്പോൾ ഒറ്റുകാരനായി മുദ്രകുത്തുന്ന തരത്തിൽ കടന്നാക്രമണം ഏറ്റുവാങ്ങുന്ന അവസ്ഥയിലേക്കെത്തിച്ചതെന്നാണ് മുൻ എസ്എഫ്ഐ നേതാക്കളിൽ പലരും അഭിപ്രായപ്പെടുന്നത്.

ലക്ഷ്മി നായർ കൂടി പങ്കെടുത്ത യോഗത്തിലെ തീരുമാനമായിരുന്നു പുറത്ത് വന്നിരുന്നതെങ്കിൽ ഇത്രയും വിമർശനം എസ്എഫ്ഐക്ക് നേരിടേണ്ടി വരില്ലായിരുന്നുവെന്നാണ് ഇവരുടെ പക്ഷം.

പ്രിൻസിപ്പൽ പദവിയിൽ നിന്ന് മാറി നിന്ന മകൾ, നടപടിയെ കോടതിയിൽ ചോദ്യം ചെയ്യില്ലന്നത് ഒരു പിതാവിന്റെ വിശ്വാസമാണെന്നും ലോ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് പോലും വിശ്വാസമില്ലാത്ത ഈ ഉടമ്പടി എന്തിന് എസ്എഫ്ഐ അംഗീകരിച്ചുവെന്നതുമാണ് പ്രസക്തമായ ചോദ്യം.

അഞ്ച് വർഷത്തേക്ക് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതായി മാനേജ്മെന്റ് പറയുന്ന ലക്ഷ്മി നായർ ഇനി അഞ്ച് വർഷം കഴിഞ്ഞാണ് തിരിച്ചു വരുന്നതെങ്കിൽ പോലും അപ്പോഴും അവർ വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കില്ലേ എന്ന ചോദ്യമാണ് ലോ അക്കാദമിയിലെ വിദ്യാർത്ഥികൾ ഉയർത്തുന്നത്.

ലോ അക്കാദമിയിലേക്ക് കടന്ന് വരാനിരിക്കുന്ന പിൻമുറക്കാർക്ക് മുന്നിലേക്ക് ലക്ഷ്മി നായരെ വിട്ട് കൊടുത്ത് മഹാ പാതകമാണ് വിദ്യാർത്ഥി സമൂഹത്തോട് എസ്എഫ്ഐ നേതൃത്വം ചെയ്തതെന്നാണ് പെൺകുട്ടികളടക്കമുള്ള ലോ അക്കാദമിയിലെ മറ്റൊരു വിഭാഗം ചൂണ്ടി കാട്ടുന്നത്.

അതേസമയം ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്ന എസ്എഫ്ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ്. ലോ അക്കാദമി മാനേജ്മെന്റല്ല സർക്കാരാണ് ചർച്ച നടത്തി തീരുമാനം പ്രഖ്യാപിക്കേണ്ടതെന്നാണ് അവരുടെ ആവശ്യം.

ഭരണ മുന്നണിയിലെ രണ്ടാമത്തെ ഘടക കക്ഷിയായ സി പി ഐ യുടെ വിദ്യാർത്ഥി വിഭാഗം സമരരംഗത്തുള്ളതിനാൽ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സി പി ഐ മന്ത്രിമാർ കർശന നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ഇതിന് മുൻപ് വിദ്യാർത്ഥി സംഘടനകളുടെ യോഗം വിദ്യാഭ്യാസ മന്ത്രിയുടെ മേൽനോട്ടത്തിൽ വിളിച്ച് ചേർക്കാനും സാധ്യതയുണ്ട്.

REPORT: SOUMYA RANJITH

Top