തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റണമെന്ന് കേരള വാഴ്‌സിറ്റി സിന്‍ഡിക്കേറ്റ്.
ലക്ഷ്മി നായരെ മാറ്റേണ്ടെന്നും രാജി തീരുമാനം അടക്കമുള്ള കാര്യങ്ങള്‍ മാനേജ്‌മെന്റും സര്‍ക്കാരും തീരുമാനിക്കട്ടെയെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാല്‍ ലക്ഷ്മി നായരെ മാറ്റണമെന്ന് മറുവിഭാഗവും നിലപാടെടുത്തു.
കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നത് സംബന്ധിച്ച കാര്യത്തിലും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തര്‍ക്കമുണ്ടായി. അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യു.ഡി.എഫ്, സി.പി.ഐ അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കാരണം കാണിക്കല്‍ നോട്ടിസ് നല്‍കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.
കോളജിന്റെ അഫിലിയേഷന്‍ സംബന്ധിച്ചും സിന്‍ഡിക്കറ്റില്‍ തര്‍ക്കമുണ്ടായി. കോളജിന്റെ അഫിലിയേഷന്‍ രേഖകള്‍ സര്‍വകലാശാലയില്‍ കാണാനില്ല എന്നകാര്യം വൈസ്ചാന്‍സിലര്‍ അറിയിച്ചിരുന്നു. ഇത് പരിശോധിക്കാന്‍ അഫിലേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
പരീക്ഷ സംബന്ധിച്ച് ധാരാളം ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തി.
ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി.നായര്‍ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാനും ഉപസമിതിയെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. അനുരാധയുടെ പരീക്ഷാഫലം റദ്ദാക്കണമെന്നായിരുന്നു സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നത്.
പെണ്‍കുട്ടികളുടെ ഹോസ്റ്റലുമായി ബന്ധപ്പെട്ടും പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യവും ചര്‍ച്ചയായി. പെണ്‍കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ ക്യാമറകള്‍ സ്ഥാപിച്ചുവെന്നാണ് പരാതി. ഈ ക്യാമറകള്‍ എത്രയും വേഗം എടുത്തുമാറ്റി സര്‍വകലാശാലയെ അറിയിക്കണമെന്ന നിര്‍ദേശവും സിന്‍ഡിക്കേറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്.