തിരുവനന്തപുരം: ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ഡോ.ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനു തെളിവുണ്ടെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്.
ലക്ഷ്മി നായരെ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്രിമിനല്‍ കേസെടുക്കണമെന്നും ഉപസമിതി അംഗങ്ങള്‍ നല്‍കിയ പ്രത്യേക റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
ഭാവി മരുമകള്‍ അനുരാധ പി.നായര്‍ക്കുള്‍പ്പെടെ ഇഷ്ടമുള്ളവര്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കിയെന്ന ആരോപണം ഉപസമിതി ശരിവെച്ചു. ഇതില്‍ 50 ശതമാനം മാത്രം ഹാജറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 20 ല്‍ 19 മാര്‍ക്കാണ് നല്‍കിയത്. മെറിറ്റ് അട്ടിമറിക്കപ്പെടുന്നുവെന്നും കോളജില്‍ ഗുരുതര ചട്ടലംഘനം നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോ അക്കാദമിയെ മോശമാക്കിയത് ലക്ഷ്മി നായരാണ്. ജാതിയും മതവും നിറവും രൂപവും വെച്ച് വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ച ക്യാമറകളില്‍ രണ്ടെണ്ണം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. കൂടാതെ രോഗം വന്നവരെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ അനുവദിക്കാറില്ല. പ്രിന്‍സിപ്പല്‍ മോശമായ ഭാഷയില്‍ കുട്ടികളോട് സംസാരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്റേണല്‍ മാര്‍ക്ക് അനുവദിക്കുന്നതിനുള്ള എല്ലാ അധികാരവും പ്രിന്‍സിപ്പലിന്റെ കൈകളിലാണ്. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമില്ല. സര്‍വകലാശാല ചട്ടങ്ങള്‍ അട്ടിമറിച്ചാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി ഉപസമിതി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ പോലും പ്രിന്‍സിപ്പല്‍ തയ്യാറായില്ല. കുട്ടികളോടു അപമര്യാദയായി പ്രിന്‍സിപ്പല്‍ പെരുമാറിയതായി ഓഡിയോ ക്ലിപ്പിങ്ങുകള്‍ വെളിപ്പെടുത്തുന്നു. 50 വര്‍ഷത്തെ പാരമ്പര്യമുള്ള ലോ അക്കാദമിയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പ്രിന്‍സിപ്പലിന്റെ കെടുകാര്യസ്ഥത മാത്രമാണ് അക്കാദമിയെ ഈ അവസ്ഥയിലെത്തിച്ചത്.
വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ സര്‍വകലാശാല നിര്‍ദേശിച്ചിരുന്നവയില്‍ കടകവിരുദ്ധമായ കാര്യങ്ങളാണ് ലോ അക്കാദമിയില്‍ നടക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഹാജര്‍ രേഖകള്‍ ഉപസമിതിക്കു നല്‍കിയില്ല. കൂടാതെ സര്‍വകലാശാല അംഗീകൃത അധ്യാപകരുടെ പട്ടികയും നല്‍കിയിട്ടില്ല.
സര്‍വകലാശാല പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ എന്ത് നടപടി വേണമെന്നതില്‍ സിന്‍ഡിക്കറ്റ് അന്തിമ തീരുമാനമെടുക്കും. മറ്റു നടപടികള്‍ ആവശ്യമായ വിഷയങ്ങള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
എന്നാല്‍ പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരം പതിനട്ടാം ദിനത്തിലേക്ക് കടക്കുകയാണ്.
അതേസമയം, ലോ അക്കാദമിക്കെതിരെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ യോഗത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഎം സമിതി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ലക്ഷ്മി നായര്‍ക്കെതിരായ വിദ്യാര്‍ഥികളുടെ പരാതികള്‍ ഗൗരവത്തോടെ കാണണമെന്നും പാര്‍ട്ടി നിര്‍ദ്ദേശമുണ്ട്.